114 ദിവസത്തിന് ശേഷം വിഴിഞ്ഞത്ത് നിർമാണ പ്രവൃത്തി വീണ്ടും തുടങ്ങി

വിഴിഞ്ഞം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണ പ്രവർത്തനം പുനരാരംഭിച്ചു. കല്ലുമായി ലോറികൾ എത്തിത്തുടങ്ങി. ലത്തീൻ അതിരൂപത അതിജീവന സമരം ആരംഭിച്ചതുമുതൽ പദ്ധതി മേഖലയിലേക്ക് കല്ലെത്തിക്കാൻ കരാർ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. 114 ദിവസത്തിന് ശേഷമാണ് നിർമാണം പുനരംഭിക്കുന്നത്.

രാവിലെ 10.30നാണ് അദ്യ ലോഡെത്തിയത്. ലോറികൾ എത്തുംമുമ്പേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 20 ലോഡ് കല്ലാണ് വ്യാഴാഴ്ച എത്തിയത്. രാവിലെ ഏഴിനുതന്നെ പൊലീസിനെ വിന്യസിച്ചിരുന്നു. നഗരസഭ ശുചീകരണ തൊഴിലാളികൾ രാവിലെ മുതൽ ലത്തീൻ അതിരൂപത സമരപ്പന്തൽ സ്ഥാപിച്ച പ്രദേശത്തും സമീപത്തുമുണ്ടായിരുന്ന മാലിന്യങ്ങളും മറ്റും നീക്കി തുടങ്ങി.

ആളും ആരവവും ഒതുങ്ങിയതോടെ അദാനിയുടെ സുരക്ഷ ജീവനക്കാർ തുറമുഖ കവാടത്തിൽ സുരക്ഷക്കായി നിലയുറപ്പിച്ചു. മൂന്ന് മാസത്തിനുശേഷം ജീവനക്കാരുമായി പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. ഉച്ചയോടെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ എത്തി സ്ഥിതി വിലയിരുത്തി. സ്റ്റേഷൻ ആക്രമണം ഉൾെപ്പടെ കേസുകളിലെ അന്വേഷണവും അദ്ദേഹം വിലയിരുത്തി.

തുടർന്ന് തുറമുഖ കവാടത്തിലെത്തിയ എ.ഡി.ജി.പി പൊലീസ് വിന്യാസം അവലോകനം ചെയ്തു. സുരക്ഷ ചുമതലയിലുള്ള പൊലീസുകാരെ ഉടൻ പിൻവലിക്കില്ലെന്നും സ്റ്റേഷൻ ആക്രമണ കേസ് പ്രതികളെ പിടികൂടാൻ വേണ്ടത് നടന്നുവരുന്നുണ്ടെന്നും എ.ഡി.ജി.പി അറിയിച്ചു.

Tags:    
News Summary - Construction work has started again in Vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.