പാലക്കാട്: സംസ്ഥാനത്തെ അണക്കെട്ടുകൾക്ക് സമീപത്തെ നിർമാണപ്രവൃത്തികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാർ നടപടിയിൽ സർവത്ര ആശയക്കുഴപ്പം. ചെറുകിട അണക്കെട്ടുകൾ ഉൾെപ്പടെയുള്ളവക്ക് സമീപത്തെ നിർമാണപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ എട്ടംഗ സമിതിയെ നിയോഗിച്ച് ഏപ്രിലിലാണ് ഉത്തരവിറങ്ങിയത്. രണ്ടു മാസത്തിനിപ്പുറവും സമിതിയുടെ പ്രവർത്തനം സംബന്ധിച്ച കൃത്യമായ രൂപരേഖയില്ലാത്തതിനാൽ ആദിവാസികളടക്കമുള്ളവർ രേഖകൾക്കും അനുമതിക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകളിൽ കയറിയിറങ്ങുകയാണ്.
ജലസേചന രൂപകൽപന ഗവേഷണ ബോർഡ് (ഐ.ഡി.ആർ.ബി) ചീഫ് എൻജിനീയർ ചെയർമാനായാണ് വിദഗ്ധസമിതിയെ നിയമിച്ചിട്ടുള്ളത്. ഈ സമിതിയാവും അണക്കെട്ടുകൾക്ക് അടുത്തുള്ള നിർമാണപ്രവൃത്തികൾക്ക് ഇനി അനുമതി നൽകുക.ചെറുതും വലുതുമായ അണക്കെട്ടുകൾ, റെഗുലേറ്ററുകൾ, ബാരേജുകൾ എന്നിവയടക്കം കേരളത്തിലെ എല്ലാ ജലസംഭരണികളുടെയും പരിസരത്തെ നിർമാണജോലിക്കും ഉത്തരവുപ്രകാരം പ്രത്യേക അനുമതി ആവശ്യമാണ്. നേരത്തെയും സമാനമായ നിർദേശമുണ്ടായിരുന്നെങ്കിലും അനുമതിക്കായുള്ള അപേക്ഷ ആർക്ക് സമർപ്പിക്കണമെന്നുള്ള കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.
2006 മുതൽ കേരള ഡാം സേഫ്റ്റി അതോറിറ്റിക്കായിരുന്നു അനുമതി നൽകാനുള്ള അധികാരം. 2021ൽ കേന്ദ്ര അണക്കെട്ട് സുരക്ഷനിയമം നിലവിൽ വന്നതോടെ കേരള ഡാം സേഫ്റ്റി അതോറിറ്റി ഇല്ലാതായി. തുടർന്ന് 2021 ഡിസംബർ 31 മുതൽ 2023 ഏപ്രിൽ ആറുവരെ ഇതിന് പ്രത്യേക കമ്മിറ്റിയും നിലവിലുണ്ടായിരുന്നില്ല. മലമ്പുഴ ഡാമിന് സമീപമേഖലകളിൽ മാത്രം ഇത്തരത്തിൽ നൂറ്റമ്പതോളം വീടുകളാണ് അനുമതി കാക്കുന്നത്.
1962ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് അനുമതി നിഷേധിക്കാൻ അധികാരമുണ്ടെന്ന് എക്സിക്യൂട്ടിവ് എൻജിനീയർമാർ അവകാശമുന്നയിച്ചിരുന്നു. എന്നാൽ, കേരള സർക്കാർ 1963ൽ ഇറക്കിയ വിജ്ഞാപനം 1968 ഡിസംബറിൽ പിൻവലിച്ചതായി ചൂണ്ടിക്കാട്ടി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.
പുതിയ നിർദേശമനുസരിച്ച് വീട് നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് അനുമതി ലഭിക്കാൻ സമിതിയെ സമീപിക്കേണ്ടതുണ്ട്. കൂടുതൽ അപേക്ഷകൾ എത്തുന്നപക്ഷം തീർപ്പാക്കലടക്കം കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് പുറമെ ഏതളവിലുള്ള നിർമാണപ്രവൃത്തികൾക്കാണ് അനുമതി തേടേണ്ടെതന്നും വ്യക്തതയില്ല. വീടുനിർമാണത്തിന് നിയമം ഇളവുചെയ്ത് നൽകണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.