പാലക്കാട് കുത്തന്നൂരിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുന്നു

‘രാഹുലിന്‍റെ കാര്യം ചോദിക്കേണ്ട...’; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ വിഷയവുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ സംഘർഷം. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരിൽ പ്രകോപിതരായ ചിലർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു. പാലക്കാട് കുത്തന്നൂരിലാണ് സംഭവം.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചെന്നിത്തല മറുപടി നല്‍കുന്നതിനിടെ ഇനി ചോദിക്കേണ്ടതില്ലെന്ന് പറഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ ചിലർ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിയുകയായിരുന്നു. ചെന്നിത്തലയുടെ പ്രതികരണം തേടുന്നതിനിടെ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ നീക്കം. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉന്തും തള്ളും കൈയേറ്റ ശ്രമവുമുണ്ടായി.

കൈരളി ചാനൽ റിപ്പോർട്ടർ സച്ചിൻ വള്ളിക്കാടിനെ മർദിക്കാൻ ശ്രമിച്ചു. മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ വി.എസ്. ഗോകുൽ, ജനം ടി.വി റിപ്പോർട്ടർ അരുൺ ആലത്തൂർ, ന്യൂസ് മലയാളം റിപ്പോർട്ടർ അജിത് ബാബു, മനോരമ ന്യൂസ് റിപ്പോർട്ടർ ഷഫീഫ് ഇളയേടത്ത്, മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മൽ എന്നിവരെയും പിടിച്ചുതള്ളി.

എന്തുകൊണ്ടാണ് സി.പി.എമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളോട് അഭിപ്രായം തേടാത്തത് എന്നു ചോദിച്ചായിരുന്നു പ്രവർത്തകരുടെ ബഹളം. രമേശ് ചെന്നിത്തല മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ത്തന്നെ സ്ഥലത്ത് വലിയ ബഹളമുണ്ടായിരുന്നു. സംസാരത്തിലുടനീളം അത് തുടര്‍ന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേള്‍ക്കാത്ത വിധം ബഹളം അസഹ്യമായപ്പോള്‍ അദ്ദേഹം ബഹളം വെക്കാതിരിക്കാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുകയും ചെയ്തു. ബഹളത്തിനിടയിൽ സംസാരം നിർത്തി ചെന്നിത്തല മടങ്ങിയതോടെയായിരുന്നു സംഘർഷം. ആവശ്യമുള്ള ചോദ്യം ചോദിച്ചാൽ മതി, പണം വാങ്ങിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞായിരുന്നു പ്രവർത്തകരുടെ ആക്രോശം.

മാധ്യമപ്രവർത്തകർക്കെതിരെ കൈയേറ്റം നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമപ്രവർത്തകർക്കെതിരായി നടത്തുന്ന ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കാൻ തയാറാവണമെന്നും ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗക്കേസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക്‌ കുരുക്കായി വീണ്ടും കേസ്. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ ഡി.ജി.പിക്ക് കൈമാറിയ പരാതിയിലാണ് ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തത്. ഡിവൈ.എസ്.പി സജീവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർ നടപടി സ്വീകരിക്കും. ആദ്യ കേസിൽ മുൻകൂർ ജാമ്യ ഹരജി കോടതിയുടെ പരിഗണനയിൽ ഇരിക്കവേയാണ് പുതിയ കേസ്.

എം.എൽ.എയിൽനിന്ന് നേരിട്ട ക്രൂരപീഡനം വിശദീകരിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ അയച്ചത്. തുടർന്ന് കെ.പി.സി.സി നേതൃത്വം പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. പരാതിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. താനുമായി വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന രാഹുൽ വിവാഹഭ്യർഥന നടത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. അവധിക്കായി നാട്ടിലെത്തിയപ്പോള്‍, ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ ഹോംസ്റ്റേയിലെത്തിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ‘ലൈംഗിക കുറ്റവാളി’യാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പൊതുപ്രവർത്തകന്‍റെ ഉത്തരവാദിത്തങ്ങൾക്ക് നേര്‍വിരുദ്ധനായ ആളാണെന്നും യുവതി പറയുന്നു.

നേരത്തേ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നപ്പോൾ ഈ പെണ്‍കുട്ടിയിൽനിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ, അന്ന് നിയമനടപടിക്ക് തയാറല്ലെന്ന് അറിയിക്കുകയായിരുന്നു.

Tags:    
News Summary - Congress workers assault journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.