കോൺഗ്രസ് വനിത കൗൺസിലർമാർ ഏറ്റുമുട്ടി; മുടി കത്രിക കൊണ്ട് മുറിച്ചതായി ആരോപണം

മൂവാറ്റുപുഴ: നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണ് എതിരെയുള്ള അവിശ്വാസം പാസായി ദിവസങ്ങൾ കഴിയും മുമ്പെ നഗരസഭ ഓഫീസിൽ കോൺഗ്രസ് വനിതാ കൗൺസിലർമാർ ഏറ്റുമുട്ടി. വ്യാഴാഴ്ച ഉച്ചക്ക് 12.30. ഓടെ നഗരസഭ ഓഫീസിലെ ജനകീയാസൂത്രണ റൂമിലാണ്​ സംഭവം. വൈസ് ചെയർപഴ്സൻ സിനി ബിജു, ജോയ്സ് മേരി ആന്റണി, അവിശ്വാസം കൊണ്ടുവന്ന പ്രമീള ഗിരീഷ്കുമാർ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. മുഖത്തും കൈകളിലും കഴുത്തിലും പരിക്കേറ്റ പ്രമീള ഗിരീഷ്കുമാറിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിനി ബിജുവും, ജോയ്സ് മേരി ആന്റണിയും മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിലും ചികിത്സ തേടി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാജശ്രീ രാജുവിനെതിരെ എൽ.ഡി.എഫിന്റെ സഹായത്തോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന കോൺഗ്രസ് കൗൺസലർ പ്രമീള ഗിരീഷ് കുമാറും ജോയ്സ് മേരി ആന്റണിയും സിനി ബിജുവും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു. അവിശ്വാസ പ്രമേയം ചർച്ചക്ക് എടുത്ത കഴിഞ്ഞ ഒന്നിന് ഇവർ തമ്മിൽ തർക്കം നടന്നിരുന്നു. വ്യക്തി ബന്ധങ്ങളെയും കുടുംബത്തെയും ആക്ഷേപിച്ചു സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു തർക്കങ്ങൾ. ഇതിന്റെ തുടർച്ചയാണ് വ്യാഴാഴ്ചത്തെ സംഭവം.

നഗരസഭയിലെ ജനകീയാസൂത്രണ ഓഫീസിൽ ഇരിക്കുകയായിരുന്ന തന്നെ ഇവിടെ എത്തിയ വൈസ് ചെയർപേഴ്സൺ സിനി ബിജുവും കൗൺസിലർ ജോയ്സ് മേരിയും കൂടി വാതിലടച്ച ശേഷം മർദിക്കുകയായിരുന്നുവെന്ന് പ്രമീള പറഞ്ഞു. മുടി കത്രിക കൊണ്ട് മുറിക്കുകയും ചെയ്തു. മുഖത്തും ദേഹത്തും മുറിവേറ്റപാടുകളോടെ രക്തത്തിൽ കുളിച്ച് പ്രമീളയെ മറ്റ് കൗൺസിലർമാർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജനകീയാസൂത്രണ ഓഫീസിൽ രക്തവും മുടിയും വീണു കിടക്കുന്നുണ്ട്. ഈ സമയം ജീവനക്കാർ റൂമിലില്ലാത്തതും ദുരൂഹമാണ്. തന്നെ നഗരസഭയിൽ കയറ്റുകയില്ലെന്നും വന്നാൽ കൈകാര്യം ചെയ്യുമെന്നും ഭീഷണി ഉണ്ടായിരുന്നതായി പ്രമീള പറഞ്ഞു.

എന്നാൽ പ്രമീളയുടെ നാടകമാണ് സംഭവമെന്ന് സിനി ബിജുവും ജോയ്സ് മേരിയും പറഞ്ഞു. ജനകീയാസൂത്രണ ഓഫീസിൽ ഇരുന്ന പ്രമീള ഗരീഷ് കുമാർ സംസാരിക്കണമെന്ന് പറഞ്ഞ് തങ്ങളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും സംസാരിക്കുവാൻ താല്പര്യമില്ലെന്ന് പറഞ്ഞപ്പോൾ ഓഫീസിലേക്ക് നിർബന്ധിച്ച് വിളിച്ചു കയറ്റുകയായിരുന്നു. ഓഫീസിൽ പ്രവേശിച്ച ഉടനെ വാതിലടച്ചുവെന്നും തുടർന്ന് സിനി ബിജുവിനെ മർദിക്കുകയും ഇരുവരേയും പിടിച്ചു മാറ്റിയപ്പോൾ തന്നേയും മർദിച്ചുവെന്നും ജോയ്സ് മേരി പറഞ്ഞു.

Tags:    
News Summary - Congress women councilors clashed at Muvattupuzha municipal office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.