ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക തയാറാക്കുന്നതിൽ മതിയായ കൂടിയാലോചന നടത്താത്ത പാളിച്ച തുറന്നുസമ്മതിച്ച് മുതിർന്ന നേതാക്കൾ. പി.സി. ചാക്കോയുടെ രാജി അടക്കമുള്ള സാഹചര്യങ്ങൾക്കിടയിൽ സ്ഥാനാർഥിപ്പട്ടിക പൊളിച്ചു പണിയും. എം.പിമാരെ അനുനയിപ്പിക്കാൻ വിളിച്ച യോഗത്തിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ പാളിച്ച അംഗീകരിക്കുെന്നന്നും തിരുത്തുമെന്നും എം.പിമാർക്ക് ഉറപ്പുനൽകി.
അനായാസം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുമെന്ന മട്ടിൽ ഡൽഹിക്ക് വിമാനം കയറിയ കോൺഗ്രസ് നേതാക്കൾ, പ്രശ്നപരിഹാരത്തിന് മാരത്തൺ ചർച്ചകൾ തുടരുകയാണ്.
ജയസാധ്യത നോക്കാതെ സ്ഥാനാർഥിയെ നിശ്ചയിച്ചാൽ ജയപരാജയത്തിെൻറ റിസ്ക് ആര് ഏറ്റെടുക്കുമെന്നാണ് ബുധനാഴ്ച രാവിലെ നടന്ന ഒത്തുതീർപ്പുയോഗത്തിൽ എം.പിമാർ ചോദിച്ചത്. സ്ഥാനാർഥിയാരാണെന്ന് പത്രത്തിലൂടെയല്ല തങ്ങൾ അറിയേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി.
കെ. മുരളീധരൻ, എം.കെ. രാഘവൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലെ സ്ക്രീനിങ് കമ്മിറ്റിയിൽ പോകാൻതന്നെ കൂട്ടാക്കിയിരുന്നില്ല. ഇതേതുടർന്നാണ് കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിെൻറ സാന്നിധ്യത്തിൽ കേരള ഹൗസിൽ എം.പിമാരുടെ പ്രത്യേക യോഗം വിളിച്ചത്. കേരളത്തിൽ ആലോചിക്കാതെ തയാറാക്കി കൊണ്ടുവന്ന പട്ടികയിലെ പേരുമാത്രം വെച്ച് ഡൽഹി ചർച്ചക്ക് തങ്ങളെ വിളിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് എം.പിമാർ ചോദിച്ചു.
ഉമ്മൻ ചാണ്ടി ശക്തമായ സമ്മർദം തുടരുന്നുണ്ടെങ്കിലും കെ.സി. ജോസഫ്, കെ. ബാബു എന്നിവർക്ക് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റ് കിട്ടാനിടയില്ല. പലവട്ടം മത്സരിച്ച കെ.സി. ജോസഫിന് മണ്ഡലം മാറ്റി സീറ്റു നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ആരോപണ വിധേയനായ കെ. ബാബുവിനെ സ്ഥാനാർഥിയാക്കിയാൽ എതിരാളികൾ പ്രചാരണത്തിെൻറ ഗതി തിരിച്ചുവിടുമെന്നുമുള്ള ആശങ്ക ഹൈകമാൻഡ് തന്നെ ഉയർത്തിയത് ഈ പേരുകൾ ആവർത്തിച്ച് ഉന്നയിക്കുന്നതിന് ഉമ്മൻ ചാണ്ടിക്ക് തടസ്സമായി.
അതേസമയം, ഗ്രൂപ്പ് വീതംവെപ്പിനെതിരായ പ്രതിഷേധങ്ങൾ പൂർണമായും കണക്കിലെടുക്കാൻ ഹൈകമാൻഡിന് കഴിയാത്ത സ്ഥിതിയുണ്ട്. പ്രചാരണത്തെ നയിക്കാൻ ഉമ്മൻ ചാണ്ടി മുന്നിട്ടിറങ്ങേണ്ടത് തെരഞ്ഞെടുപ്പു വിജയത്തിൽ പ്രധാനമാണ്. അതിനനുസൃതമായി അദ്ദേഹത്തിെൻറ ആവശ്യങ്ങളോട് അനുഭാവ പൂർണമായ സമീപനം ഹൈകമാൻഡിന് സ്വീകരിക്കേണ്ടി വരും. തെരഞ്ഞെടുപ്പു ഫണ്ടിന് കോൺഗ്രസ് പ്രയാസപ്പെടുന്നതാണ് മറ്റൊരു പ്രശ്നം.
ഇടഞ്ഞുനിൽക്കുന്ന കെ. മുരളീധരനെയും വോട്ടു സ്വാധീനിക്കാൻ കഴിയുന്ന മറ്റു എം.പിമാരുടെയും നിലപാടിനെയും കാർക്കശ്യത്തോടെ സമീപിക്കാൻ കഴിയാത്ത സ്ഥിതി. ജയസാധ്യതക്കും യുവ, മഹിള പ്രാതിനിധ്യത്തിനും ഊന്നൽ നൽകണമെന്ന ഡിമാൻറാണ് പ്രധാനമായും ഹൈകമാൻഡിൽനിന്ന് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.