വീണ്ടും കോൺഗ്രസ്​ പിന്തുണ; ചെന്നിത്തല -തൃപ്പെരുന്തുറ പഞ്ചായത്തിൽ സി.പി.എമ്മിന് മൂന്നാമൂഴം

ചെങ്ങന്നൂർ: ഒന്നര വർഷത്തിനിടെ മൂന്നാമതും കോണ്‍ഗ്രസ് പിന്തുണച്ചതോടെ, ചെന്നിത്തല -തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിന്​ പ്രസിഡന്‍റ്​ പദവി. മൂന്നാമതും ഒന്നാം വാർഡ് അംഗം വിജയമ്മ ഫിലേന്ദ്രനാണ്​ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അവിശ്വാസത്തിലൂടെ ഏപ്രിൽ 20ന്​ പുറത്തായ, ബി.ജെ.പിയിലെ ബിന്ദു പ്രദീപിനെതിരെയായിരുന്നു (11-6) വിജയമ്മയുടെ വിജയം.

18 അംഗ സമിതിയിൽ എൽ.ഡി.എഫിനും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആറ്​ അംഗങ്ങൾ വീതമുള്ളതിൽ 17 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഒമ്പതാം വാർഡിനെ പ്രതിനിധാനംചെയ്യുന്ന കോണ്‍ഗ്രസിലെ ബിനി സുനില്‍ വാഹനാപകടത്തിൽപ്പെട്ട്​ ചികിത്സയിലായതിനാല്‍ ഹാജരായില്ല. ഏപ്രിൽ 20ന് സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിന്​ വഴിയൊരുങ്ങിയത്.



(വിജയമ്മ ഫിലേന്ദ്രൻ)

 

ഒന്നര വർഷത്തിനുള്ളിൽ ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായി മാറിയ പഞ്ചായത്തിൽ തിങ്കളാഴ്ച നാലാം പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമായ ഇവിടെ, സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമാണ് ഈ വിഭാഗത്തില്‍നിന്ന് അംഗങ്ങളുള്ളത്. 2020 ഡിസംബർ 30ന്​ ആദ്യവട്ടം സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാല്‍, കോണ്‍ഗ്രസ്​ പിന്തുണ ആവശ്യമില്ലെന്ന് പാര്‍ട്ടി നേതൃത്വം കര്‍ശന നിലപാടെടുത്തതോടെ 2021 ഫെബ്രുവരി ആറിനു പദവി രാജിവെച്ചു. മാർച്ച് എട്ടിനു കോണ്‍ഗ്രസ് പിന്തുണയോടെ രണ്ടാമതും വിജയമ്മ പ്രസിഡന്റായെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ വീണ്ടും രാജിവെച്ചു. ഏപ്രിൽ 20 നു നടന്ന മൂന്നാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ, രണ്ട് തവണയും തെരഞ്ഞെടുപ്പിൽനിന്ന്​ വിട്ടുനിന്ന കോണ്‍ഗ്രസ് വിമതന്‍ ദീപു പടകത്തില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തു. സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും, രണ്ടു തവണയും സി.പി.എം പ്രസിഡന്റ്​ സ്ഥാനം രാജിവെച്ചതിനാൽ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തതോടെ ബി.ജെ.പിക്ക് ഭരണം ലഭിച്ചു. പിന്നീട് ദീപു പടകത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേർന്ന്​ എല്‍.ഡി.എഫിന്റെ ഭാഗമായതോടെയാണ്​ മൂന്ന് മുന്നണികളും ആറ്​ അംഗങ്ങള്‍ വീതമുള്ള തുല്യശക്തികളായി മാറിയത്​.

ബി.ജെ.പിയെ ഭരണത്തില്‍നിന്ന്​ മാറ്റി നിര്‍ത്താനാണ് വിജയമ്മ ഫിലേന്ദ്രന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതെന്ന് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂര്‍ പറഞ്ഞു.

Tags:    
News Summary - Congress support again; CPM has a third term in Chennithala-Thripperumthura panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.