കോൺഗ്രസ് പുനഃസംഘടന: 180 ഓളം ബ്ലോക്ക് പ്രസിഡന്‍റുമാരുടെ കാര്യത്തിൽ ധാരണ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ആകെയുള്ള 285 ബ്ലോക്ക് കമ്മിറ്റികളിൽ 180 ഓളം പ്രസിഡന്‍റുമാരുടെ കാര്യത്തിൽ കെ.പി.സി.സി നിയോഗിച്ച ഏഴംഗ ഉപസമിതി ധാരണയിലെത്തി. മുഴുവൻ പേരുകളും ഉൾപ്പെടുന്ന പട്ടിക അന്തിമാംഗീകാരത്തിന് മേയ് 25ന് കെ.പി.സി.സി പ്രസിഡന്‍റിന് കൈമാറും. ഇതോടൊപ്പം പുതിയ മണ്ഡലം പ്രസിഡന്‍റുമാരെ കണ്ടെത്താൻ വിവിധ ജില്ലകളിലും ശ്രമം തുടങ്ങി. ബ്ലോക്ക്, മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരെ തീരുമാനിച്ച ശേഷമാകും ഡി.സി.സി ഭാരവാഹികളുടെ കാര്യത്തിൽ ചർച്ച ആരംഭിക്കുക.

ബ്ലോക്ക്, മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരെ മേയ് അവസാനം പ്രഖ്യാപിക്കാനാണ് തീരുമാനം. ജില്ലകളിൽനിന്ന് ലഭിച്ച കരട് പട്ടിക പരിശോധിച്ചാണ് കെ.പി.സി.സിയുടെ ഏഴംഗ ഉപസമിതി ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആളുകളെ തീരുമാനിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജില്ലകളിൽനിന്ന് ഐകകണ്ഠ്യേന നൽകിയ പേരുകൾ സംസ്ഥാന സമിതിയും അംഗീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 70 ഓളം ബ്ലോക്കുകളിലെ പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് ജില്ലകളിൽനിന്ന് ഉപസമിതിക്ക് ഒറ്റപ്പേര് ലഭിച്ചത്.

ഇതിന് പുറമെ 110 ഓളം ബ്ലോക്കുകളിലെ അധ്യക്ഷന്മാരെയാണ് ഉപസമിതി കണ്ടെത്തിയത്. ഇനി 105 ഓളം ബ്ലോക്കുകളുടെ കാര്യത്തിലാണ് തീരുമാനമെടുക്കേണ്ടത്. ഇതിൽ 20-25 ബ്ലോക്കുകളിൽ ഒഴികെ എല്ലായിടത്തും ഒറ്റപ്പേരിലേക്ക് എത്താൻ കഴിയുമെന്നാണ് ഉപസമിതിയുടെ കണക്കുകൂട്ടൽ. ഉപസമിതിക്ക് ധാരണയിലെത്താൻ കഴിയാത്ത ബ്ലോക്കുകളുടെ കാര്യത്തിൽ കെ.പി.സി.സി നേതൃത്വം തീരുമാനമെടുക്കും. അതിനുമുമ്പ് പ്രധാന നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്‍റ് കൂടിയാലോചിക്കും. മേയിൽതന്നെ നടപടികളെല്ലാം പൂർത്തീകരിച്ചശേഷമാകും അന്തിമ പ്രഖ്യാപനം.

അവശേഷിക്കുന്ന ബ്ലോക്കുകളുടെ കാര്യത്തിൽ ധാരണയുണ്ടാക്കാൻ ഉപസമിതിയംഗങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ തൃശൂരിൽ യോഗം ചേരും. നേതാക്കൾക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽകൂടി പങ്കെടുക്കാനുള്ള സൗകര്യം മുൻനിർത്തിയാണ് അടുത്ത രണ്ടുദിവസങ്ങളിലെ യോഗം തൃശൂരിൽ നടത്താൻ ഉപസമിതി തീരുമാനിച്ചത്.

Tags:    
News Summary - Congress Reorganization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.