തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നുവെന്ന് ശശി തരൂർ എം.പി. എന്നാൽ, സാധാരണ പ്രവർത്തകർ തനിക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാവരുടെ വോട്ടിനും ഒരേ മൂല്യമാണ്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പെന്ന് നേതൃത്വം തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.
സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്നാണ് എല്ലാവരും പറഞ്ഞിട്ടുണ്ടായിരുന്നത്. അതുകൊണ്ടാണ് ഞാൻ വോട്ടുകൾ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആര് ജയിച്ചാലും പാർട്ടിയുടെ വിജയം ആയിരിക്കുമെന്നാണ് എന്‍റെ വിശ്വാസം.
മുതിർന്ന നേതാക്കൾ പക്ഷപാതം കാണിക്കുന്നത് ഞാൻ കാണുന്നുണ്ട്. പക്ഷേ, അവർ പറയുന്നത് തന്നെ പാർട്ടി അംഗങ്ങൾ കേൾക്കണമെന്നില്ല. മാത്രവുമല്ല, അങ്ങനെ ചെയ്യുന്നത് ജനാധിപത്യവിരുദ്ധവുമായിരിക്കും.
രഹസ്യവോട്ടിങ്ങാണ് നടക്കുന്നത്. എല്ലാവരും അവരുടെ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ. എല്ലാ വോട്ടുകളും സീൽ ചെയ്ത് ഡൽഹിയിൽ കൊണ്ടുപോയി ഒരുമിച്ചാക്കിയാണ് എണ്ണാൻ തുടങ്ങുക. അതുകൊണ്ട് ആര് ആർക്ക് വോട്ട് ചെയ്തെന്ന് ആർക്കും അറിയാൻ പറ്റില്ല. ഫലം എന്തായാലും അത് അംഗീകരിക്കണം.
എനിക്ക് പാർട്ടിയുടെ അകത്ത് ശത്രുക്കളൊന്നും ഇല്ല. മുതിർന്ന നേതാക്കളുടെ വോട്ടിന്‍റെ അതേ വിലയാണ് സാധാരണ പ്രവർത്തകരായ പി.സി.സി പ്രതിനിധികളുടെ വോട്ടിനും. മുതിർന്നവരുടെ വോട്ടിന് പ്രത്യേക മൂല്യമൊന്നുമില്ല.
ഔദ്യോഗിക സ്ഥാനാർഥിയില്ല എന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. ഇപ്പോൾ ആരാണ് ആ വാക്കിനെ വിശ്വസിക്കാത്തത്. അവരോട് ചോദിക്കണം ഔദ്യോഗിക സ്ഥാനാർഥിയുണ്ടോയെന്ന്. അത്തരക്കാർ പാർട്ടിയോട് എന്തൊരു വിശ്വാസക്കേടാണ് കാണിക്കുന്നത്.
കോൺഗ്രസിനെ പുതിയ രീതിയിൽ മുന്നോട്ടുകൊണ്ടുപോകണം. ഇപ്പോഴത്തെ രീതിയിൽ പോയാൽ പോര. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി പുതിയ തുടക്കം കുറിച്ചിട്ടുണ്ട്. 2024ലെ തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരണം. പഴയരീതിയിൽ പ്രവർത്തിച്ചാൽ പാർട്ടി വീണ്ടും നിരാശപ്പെടേണ്ടിവരുന്ന സാധ്യതയുണ്ട്. അത് ഇല്ലാതിരിക്കാനും പ്രതീക്ഷയോടെ മുന്നോട്ടുപോകാനുമാണ് ഞാൻ ഈ മത്സരത്തിൽ പങ്കെടുക്കുന്നത് -ശശി തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.