മാളയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ചു, ഇരുവിഭാഗവും ആശുപത്രിയിൽ

മാള: മാളയിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൈയാങ്കളി. കുരുവിശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറും ​'എ' ഗ്രൂപ്പ്​ നേതാവുമായ ജോഷി പെരെപ്പാടനെ ഡി.സി.സി സെക്രട്ടറിയും ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥിയുമായ എ.എ. അഷറഫ് മർദിച്ചതായാണ് പരാതി. പരാതി അടിസ്ഥാനരഹിതമാണെന്ന് അഷറഫ് പറഞ്ഞു. ഇരു നേതാക്കളും മാള ഗവ. ആശുപത്രിയിൽ അഡ്​മിറ്റായി.

പോളിങ്​ ബൂത്തിൽ വോട്ടർമാർക്ക് സ്ലിപ്​ കൊടുത്തു കൊണ്ടിരുന്ന ജോഷി പെരേപ്പാടനെ അതുവഴി ഇരുചക്ര വാഹനത്തിൽ വന്ന അഷറഫ്​ അസഭ്യം പറയുകയും മർദിക്കുകയും ചെയ്​തുവെന്നാണ്​ പരാതി. കൂടെ വന്നവർ പിടിച്ചു മാറ്റുകയായിരുന്നു. എന്നാൽ, ജോഷി പെരേപാടൻ തന്നെ കൈയേറ്റം ചെയ്യുകയാണ്​ ഉണ്ടായതെന്ന്​ അഷറഫ്​ പറഞ്ഞു.

വാർഡ് 14ൽ 'ഐ' ഗ്രൂപ്പുകാരനായ സ്ഥാനാർഥി ജോഷി കാഞ്ഞൂത്തറക്ക്​ കൈപ്പത്തി അനുവദിച്ചിരുന്നു. എന്നാൽ 'എ' വിഭാഗം നിർദേശിച്ച ​സെൻസൻ അറക്കലിനെ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിയായി അംഗീകരിച്ചതോടെ കൈപ്പത്തി ചിഹ്നം അദ്ദേഹത്തിന് അനുവദിക്കേണ്ടി വന്നു. മുമ്പ്​ കൈപ്പത്തി ചിഹ്നത്തിൽ ജോഷി സ്ഥാനാർഥിയായി ഈ വാർഡിൽ വിജയിച്ചിട്ടുണ്ട്. 2015ൽ മത്സരിക്കാൻ പക്ഷേ പാർട്ടി അനുമതി നൽകിയില്ല. ഇതേതുടർന്ന് അദ്ദേഹം ഭാര്യയെ വിമത സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചു. വിമതനായി മത്സരിച്ചവർക്ക് പാർട്ടി സ്ഥാനാർഥിത്വം നൽകി ചിഹ്നം അനുവദിച്ചതിനെതിരെയാണ് പരാതി ഉയർന്നത്.

രണ്ടാമതും കോൺഗ്രസ് സ്ഥാനാർഥി എത്തിയതോടെ ജോഷിക്ക് നൽകിയ കൈപ്പത്തി തിരിച്ചു വാങ്ങേണ്ടി വന്നിരുന്നു . ഐ വിഭാഗത്തിന് മറ്റൊരു ചിഹ്നം അനുവദിച്ചാണ് പരിഹരിച്ചത്. ഇതിലെ തർക്കമാണ്​ കൈയാങ്കളിക്ക്​ ഇടയാക്കിയത്​.

Tags:    
News Summary - congress leaders Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.