തിരുവനന്തപുരം : ചേന്തിയിൽ കോൺഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ പോകാൻ തുനിഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം പൊലീസാണ് കസ്റ്റഡയിലെടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച അനിലിനെ രാവിലെ 11 ന് കോടതിയിൽ ഹാജരാക്കും. . സംഭവത്തിൽ ഡി.സി.സി അംഗമായ ചേന്തി അനിലിനെ ഒന്നാം പ്രതിയാക്കിയായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യാമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ചേന്തിയിൽ നടന്ന ചതയദിന പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി ആദ്യം സമയം നൽകിയിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് പിൻമാറിയത്. വൈകുന്നേരം 7:30-നുള്ള ട്രെയിനിൽ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി ഒഴിവാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം.
ചേന്തിയിലെ ചടങ്ങ് ഒഴിവാക്കിയ മുഖ്യമന്ത്രി പിന്നീട് ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലാണ് പങ്കെടുത്തത്. ഇതിന് പോകും വഴി കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വാഹനം കൈകാണിച്ച് നിർത്തിയത്. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. 'എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?' എന്നായിരുന്നു ചേന്തി അനിലിന്‍റെ മറുപടി.
ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി വി.ഡി സതീശൻ സമ്മതിച്ചിരുന്നുവെന്നാണ് അനിൽ അവകാശപ്പെടുന്നത്. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. എന്നാൽ ഉള്ളൂരിലെ കല്യാണ വീട്ടിൽ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്. സംഘാടകർക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തെന്ന് ചേന്തി അനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.