പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.പി.സി.സി പ്രസിഡന്‍റിന് ലഭിച്ച പരാതി ഉടൻ ഡി.ജി.പിക്ക് കൈമാറി. ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടിക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു. കോൺഗ്രസ് തല ഉയർത്തിയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സി.പി.എം പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പൊലീസിൽ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികൾ സി.പി.എമ്മിനുള്ളിൽ തീർത്ത ചരിത്രമാണുള്ളതെന്നും സതീശൻ വിമര്‍ശിച്ചു. രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസുകാർ ആരും ഇറങ്ങിയിട്ടില്ല. പരാതിയില്‍ പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സതീശൻ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതി പൊലീസ് മേധാവിക്ക് കൈമാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെ.പി.സി.സി പ്രസിസിഡന്‍റിനും യുവതി പരാതി അയച്ചിരുന്നു. ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്.
വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നത്. മുറിയിൽ വെച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. ഗർഭിണിയാകണമെന്ന് രാഹുൽ തന്നോടും ആവശ്യപ്പെട്ടു. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചതായും ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ച് തുടങ്ങിയെന്നും യുവതി പറഞ്ഞു.
ഇൻസ്റ്റാഗ്രാം വഴിയാണ് രാഹുൽ യുവതിയെ പരിചയപ്പെട്ടത്. രാഹുൽ വിവാഹം വാഗ്ദാനം നൽകിയതിന് പിന്നാലെ പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. പിന്നീട് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആയതിന് പിന്നാലെ കുടുംബം ഈ ബന്ധത്തിന് സമ്മതിച്ചു. ബന്ധുക്കളുമായി വീട്ടിലെത്താം എന്ന് പറഞ്ഞെങ്കിലും രാഹുൽ പിന്നീട് അതിൽ നിന്ന് പിന്മാറി. 2023 ഡിസംബറിലാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു.
നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽനിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നുവെങ്കിലും നിയമനടപടിക്ക് തയാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.
പാർട്ടി നേതൃത്വത്തിന് പെൺകുട്ടി നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാ ഗാന്ധിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്നും സുഹൃത്തിന്‍റെ വീട്ടിൽവെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽനിന്നും പിന്മാറിയെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവിദഗ്ധരുമായി സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. നേരത്തെയുള്ള ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിനെതിരെ പുതിയ പരാതി വരുന്നത്.
മുൻകൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് അടച്ചിട്ട മുറിയിലാകണമെന്നും സ്വകാര്യത മാനിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ പുതിയ ഹരജി നൽകിയിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹരജി നൽകിയത്. പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഫോട്ടോകൾ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോഡ് എന്നിവയാണ് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.