കായംകുളം: സഭ തർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ സെന്റ് മേരിസ് പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ കല്ലറ തകർത്തത് സംഘർഷവസ്ഥക്കിടയാക്കി. ഓർത്തഡോക്സ് വിഭാഗം പെരുന്നാളിന്റെ മറവിൽ കല്ലറകൾ തകർത്തതായാണ് പരാതി. ഞായറാഴ്ച രാവിലെ സെമിത്തേരിയിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
വട്ടപ്പറമ്പിൽ പടീറ്റതിൽ മറിയാമ്മ സാമുവലിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതായാണ് പ്രധാന പരാതി. കൂടാതെ ആനി ഭവനിൽ സാറാമ്മ കൊച്ചുകുട്ടി, കോലോലിൽ തെക്കതിൽ ഈശോ നൈനാൻ, കുളത്തിന്റെ കിഴക്കതിൽ മത്തായി, ചിന്നമ്മ എന്നിവരുടെ സ്ലാബുകളും, കുരിശുകളും തകർത്തതായും പരാതിയുണ്ട്. ഇതിൽ പ്രതിഷേധിച്ച് വൈകുന്നേരത്തോടെ യാക്കോബായക്കാർ സംഘടിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ഇതോടെ വൻ പൊലിസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. തർക്കം നിലനിൽക്കുന്ന കട്ടച്ചിറ പള്ളിയിൽ ശവ സംസ്കാര ചടങ്ങുകൾ മിക്കപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. യാക്കോബായ വിഭാഗത്തിന്റെ പരാതിയിൽ പൊലിസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു. തുടർന്ന് ഇരു കൂട്ടരുമായും ചർച്ച നടത്തിയാണ് സംഘർഷ സാഹചര്യം ഒഴിവാക്കിയത്. എന്നാൽ വിഷയത്തിൽ നടപടി ആവശ്യപെട്ട് യാക്കോബായ വിഭാഗം സമരം തുടങ്ങിയതോടെ പ്രശ്നം രൂക്ഷമാകുകയാണ്. കല്ലറകൾ നശിപ്പിച്ചതിൽ നടപടികളുണ്ടാകണമെന്ന് യാക്കോബായ ഇടവക ട്രസ്റ്റി അലക്സ്. എം. ജോർജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.