അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനക്ക് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ നൽകിയപ്പോൾ
അതിരപ്പിള്ളി: മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ വിദഗ്ധ ചികിത്സക്ക് കോടനാട് അഭയാരണ്യത്തിൽ കൊണ്ടു പോകാനുള്ള ശ്രമം ആരംഭിച്ചു. പ്ലാന്‍റേഷനിൽ നിന്ന് കാട്ടാനയെ ലോറിയിൽ കയറ്റാൻ ഞായറാഴ്ച രാവിലെ കുങ്കിയാനയെ അതിരപ്പിള്ളിയിൽ എത്തിക്കും. ബാക്കി ആവശ്യം വരുന്ന കുങ്കികളെ തിങ്കളാഴ്ച കൊണ്ടു വരുമെന്നാണ് കരുതപ്പെടുന്നത്.
കോടനാട് അഭയാരണ്യത്തിലെ ആനക്കൂട് ശോച്യാവസ്ഥയിലായതിനാൽ അത് അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചു. കൂടിന്‍റെ പണികൾ ഉടൻതന്നെ തുടങ്ങും. ആനക്ക് അടിയന്തര പരിചരണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അതിനുള്ള ഏർപ്പാടും ചെയ്തതായി വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
ആനയുടെ സ്ഥിതി അതിഗുരുതരാവസ്ഥയിലാണെന്നാണ് സൂചന. ശനിയാഴ്ച അതിരപ്പിള്ളി പ്ലാന്‍റേഷൻ പരിസരത്ത് ആനയെ വളരെ ക്ഷീണിതനായി കണ്ടിരുന്നു. അര മണിക്കൂറോളം ആന റോഡിലേക്ക് കയറിയതിനാൽ ഗതാഗതവും തടസപ്പെട്ടു. അസഹ്യമായ വേദനയാൽ ആന മുറിവിലേക്ക് മണ്ണും ചളിയും വെള്ളവുമൊക്കെ തുമ്പികൈ കൊണ്ട് സ്വയം എറിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.