അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി

തിരുവനന്തപുരം: അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്‌ക്കരിക്കുന്നതിന് മന്ത്രിമാരായ വീണ ജോര്‍ജ്, എം.ബി. രാജേഷ്, എസ്.സി. കെ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വിളര്‍ച്ച പ്രതിരോധത്തിന് വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് 'വിവ' എന്ന പേരില്‍ കാമ്പയിന്‍ സംഘടിപ്പിക്കും. എല്ലാ വകുപ്പുകളുടേയും പിന്തുണയോടെയായിരിക്കും ആരോഗ്യ വകുപ്പ് കാമ്പയിന്‍ സംഘടിപ്പിക്കുക.

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ലഹരിമുക്ത കേരളം പോലെ എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള പൊതു കാമ്പയിനായിരിക്കും. കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച് സുപ്രധാന തീരുമാനമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദേശീയ സര്‍വേ അനുസരിച്ച് വിളര്‍ച്ച നിരക്കില്‍ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും അനീമയുടെ നിരക്ക് കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

രക്തത്തില്‍ എച്ച്.ബി അളവ് 12ന് മുകളില്‍ വേണം. ഗ്രാമീണ മേഖലയ്ക്ക് പുറമേ നഗരപ്രദേശത്തെ സ്ത്രീകളിലും വിളര്‍ച്ച കാണുന്നുണ്ട്. വിളര്‍ച്ചയ്‌ക്കെതിരെ ശക്തമായ അവബോധം വേണം. ടെസ്റ്റ്, ടോക്ക്, ട്രീറ്റ് എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

15 വയസ് മുതല്‍ 59 വയസുവരെയുള്ളവരേയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഏജ് ഗ്രൂപ്പിനുള്ളവര്‍ക്കും അനീമയുടെ കാരണങ്ങളില്‍ മാറ്റം വന്നേയ്ക്കാം. അതനുസരിച്ചുള്ള ഇടപെടലാണ് നടത്തുക. പോഷകാഹാര ക്രമത്തിലുള്ള മാറ്റമാണ് പ്രധാനമായി വേണ്ടത്. അനീമിയ പരിശോധനയ്ക്കായി 20 ലക്ഷം കിറ്റുകള്‍ ലഭ്യമാക്കും. ഐഎംഎ, സ്വകാര്യ ആശുപത്രികള്‍, സംഘടനകള്‍ എന്നിവരുടെ സഹകരണവും ഉറപ്പ് വരുത്തും.

ആരോഗ്യ വകുപ്പിന് പുറമേ വനിത ശിശുവികസന വകുപ്പിനും പ്രധാന റോളാണുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ്, എസ്.സി. എസ്.ടി. വകുപ്പ് എന്നിവയുടെ സഹകരണവും ആവശ്യമാണ്. സമഗ്ര അനീമിയ പരിശോധനയാണ് ലക്ഷ്യമിടുന്നത്. മരുന്നുകള്‍ കഴിച്ചു എന്ന് ഉറപ്പാക്കണം. പോഷക സമൃദ്ധമായ ആഹാരം, ചികിത്സ എന്നിവ അനീമിയ നിയന്ത്രിക്കുന്നതിന് പ്രധാനമാണ്.

അനീമിയ നിയന്ത്രണ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പിന്തുണ മന്ത്രി എം.ബി. രാജേഷ് ഉറപ്പ് നല്‍കി. കുടുംബശ്രീയുടെ പൂര്‍ണ പിന്തുണയുണ്ടാകും. അനീമിയ പാവപ്പെട്ടവരില്‍ മാത്രമല്ലാത്തതിനാല്‍ അവബോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

ട്രൈബല്‍ മേഖലയില്‍ പ്രത്യേകമായി അനീമിയ ബാധിതതെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇത് ഫലപ്രദമായി നടപ്പിലാക്കും. ട്രൈബല്‍ മേഖലയില്‍ അവരുടെ ഭാഷയില്‍ അവബോധം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് വകുപ്പുകളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Comprehensive Program for Anemia Free Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.