ലഹരി വ്യാപനം തടയാന്‍ ഏറ്റവും നല്ല ഉപാധിയാണ് കായിക പ്രവര്‍ത്തനങ്ങള്‍, യുവതയെ കേരളത്തിന്റെ റോള്‍ മോഡലുകളാക്കി മാറ്റുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം -വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിക നയത്തില്‍ സമഗ്രമായ മാറ്റം വേണമെന്നും കേരളത്തിലെ കായിക മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് യു.ഡി.എഫ് പഠിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നിയമസഭയില്‍ യുഡിഎഫ് അവതരിപ്പിക്കും. കായിക രംഗത്തിലൂടെ യുവതയെ കേരളത്തിന്റെ റോള്‍ മോഡലുകളാക്കി മാറ്റുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനത്ത് ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കായിക മേഖല വലിയ പ്രതിസന്ധി നേരിടുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം യുവ കായിക താരങ്ങള്‍ക്ക് ഹോസ്റ്റല്‍ ഫീസിനും ഭക്ഷണം കഴിക്കാനും പണമില്ല. ദേശീയതലത്തിലും വിദേശത്തും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന കേരളത്തിലെ കായിക താരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. ദേശീയ കായിക മത്സരങ്ങളില്‍ കേരളം മുന്‍പന്തിയിലുണ്ടായിരുന്ന പല മത്സരയിനങ്ങളിലും ഇന്ന് ഏറെ പിന്നിലാണ്. അതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വികലമായ കായിക നയമാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

സമൂഹിക വിപത്തായ ലഹരി വ്യാപനം തടയാന്‍ ഏറ്റവും നല്ല ഉപാധിയാണ് കായിക പ്രവര്‍ത്തനങ്ങള്‍. ഈ മേഖലയില്‍ നമ്മുടെ കുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവരെ അതിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും. അതിനായി അന്താരാഷ്ട്ര നിലവാരമുള്ള കായിക പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് വേണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഹോക്കിതാരം ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. പി.ആര്‍. ശ്രീജേഷിന് വേണ്ടി അദ്ദേഹത്തിന്റെ പരിശീലകന്‍ കെ.ശശിധരന്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച പരിശീലകന്‍ ഗോഡ്സണ്‍ ബാബു(നെറ്റ്ബോള്‍), മികച്ച കായിക അധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ അന്‍സാര്‍ രാജ്( കേരള കൗമുദി) മികച്ച കായിക റിപ്പോര്‍ട്ടര്‍ അജയ് ബെന്‍(മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്(മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍(ബിനോയ് കേരളവിഷന്‍ തിരുവനന്തപുരം)എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തിലുള്ള 'കളിയാണ് ലഹരി' എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിച്ചു.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങളില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ജോസഫ് വാഴയ്ക്കന്‍, ചെറിയാന്‍ ഫിലിപ്പ്,ഡിസിസി പ്രസിഡന്റ് പാലോട് രവി, ദേശീയകായികവേദി സംസ്ഥാന സെക്രട്ടറി സണ്ണി വി സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Comprehensive change needed in state sports policy - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.