യു.ജി.സി വിലക്കിയിട്ടും എം.ജി സർവകലാശാല പി.എച്ച്.ഡി പ്രവേശന പരീക്ഷ നടത്തുന്നുവെന്നുവെന്ന് പരാതി

തിരുവനന്തപുരം: യു.ജി.സി വിലക്കിയിട്ടും എം.ജി സർവകലാശാല പി.എച്ച്.ഡി പ്രവേശന പരീക്ഷ നടത്തുന്നുവെന്ന പരാതി. എസ്.എഫ്.ഐ ക്കാർക്ക് പിൻവാതിൽ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

യു.ജി.സി യുടെ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം പി.എച്ച്.ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഏകീകരിച്ചു. വിവിധ സർവകലാശാലകൾ സ്വന്തമായി നടത്തിവരുന്ന പ്രവേശന പരീക്ഷകൾ വിലക്കി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന് വിരുദ്ധമായി എം.ജി സർവകലാശാല പി.എച്ച്.ഡി പ്രവേശന പരീക്ഷ നടത്തുന്നത് പിൻവാതിൽ പ്രവേശനത്തിനുള്ള നിലവിലെ പഴുതുകൾ തുടരാനാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ഒന്നിലധികം പ്രവേശന പരീക്ഷകൾ പി.എച്ച്.ഡി പ്രവേശന പ്രക്രിയയിൽ വിദ്യാർഥികൾക്ക് പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്ന അനുമാനത്തിലാണ് യു.ജി.സി പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക് ജെ.ആർ.എഫ് നൽകി ഗവേഷണത്തിന് ആവശ്യമായ ഫണ്ടും, അസിസ്റ്റന്റ് പ്രഫസർ ആകുവാനുള്ള അവസരവും യു.ജി.സി വിഭാവനം ചെയ്യുന്നു.

തൊട്ടടുത്ത വിഭാഗത്തിൽ മാർക്ക് സ്കോർ ചെയ്യുന്നവർക്ക് അസിസ്റ്റന്റ് പ്രഫസർ ആകുവാനും പി.എച്ച്.ഡി പ്രവേശനത്തിനും അവസരം ലഭിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മൂന്നാമതൊരു വിഭാഗം നെറ്റ് യോഗ്യത നൽകിക്കൊണ്ട് പി.എച്ച്.ഡി പ്രവേശനത്തിന് മാത്രം അവസരം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഏറ്റവും സവിശേഷമായ പ്രത്യേകത.

ഗവേഷണ സ്ഥാപനങ്ങൾ ഇനിമുതൽ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്നും യു.ജി.സി നടത്തുന്ന ദേശീയ തല പരീക്ഷയുടെ സ്കോർ അനുസരിച്ച് ആയിരിക്കണം ഗവേഷകർക്ക് പി.എച്ച്.ഡി ക്ക് പ്രവേശനം നൽകേണ്ടതെന്നും വി.സിമാർക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. നെറ്റ് സ്കോറിനോടൊപ്പം 30 ശതമാനം മാർക്ക്‌ ഇന്റർവ്യൂവിന് നൽകിയാണ് അന്തിമ റാങ്ക് പട്ടിക തയാറാക്കേണ്ടതെന്ന് യു.ജി.സി യുടെ ഉത്തരവിൽ പറയുന്നുണ്ട് .

എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായാണ്‌ മുൻ വർഷങ്ങളിലെ പോലെ പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ എം. ജി. സർവകലാശാല കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. നെറ്റ് യോഗ്യത നേടിയവർക്ക് പി.എച്ച്.ഡി പ്രവേശനത്തിന് മുൻഗണന നൽകണമെന്ന നിലവിലുണ്ടായിരുന്ന വ്യവസ്ഥപോലും മറികടന്ന് മലയാളം, സംസ്കൃത സർവകലാശാലകൾ പ്രവേശനം നൽകിയതായും പരാതികളുണ്ട്.

സർവകലാശാല പ്രവേശനപരീക്ഷ നടത്തുന്നതിലെ പഴുതുകൾ ഉപയോഗിച്ചാണ് എസ്.എഫ്.ഐ വിദ്യാർഥിനേതാക്കൾ വ്യാപകമായി ഗവേഷണ പ്രവേശനം നേടുന്നതെന്നും , പിൻവാതിൽ പി.എച്ച്.ഡി പ്രവേശനം തടയാൻ സഹായകമായ യു.ജി.സി യുടെ പുതിയ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ എല്ലാ വി.സി മാർക്കും നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയത്.

Tags:    
News Summary - Complaint that MG University is conducting PhD entrance exam despite UGC ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.