ശബരിമലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പ്രഹസനമെന്ന് പരാതി

ശബരിമല: ലക്ഷോപലക്ഷം തീർത്ഥാടകർ വന്നു പോകുന്ന ശബരിമലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതടക്കമുള്ള പരിശോധനകൾ പ്രഹസനമെന്ന ആരോപണം ഉയരുന്നു. ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത്

ഒരാൾ മരിക്കുകയും ഒട്ടേറെ പേർക്ക് വിഷബാധ ഏൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംസ്ഥാനത്താകമാനം വ്യാപക പരിശോധന നടത്തുമ്പോഴാണ് പ്രതിദിനം ലക്ഷത്തിലേറെ തീർഥാടകർ വന്നുപോകുന്ന ശബരിമലയിൽ അധികൃതർ ഉറക്കം നടിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പടക്കം ശബരിമലയിൽ നടത്തുന്ന തട്ടിക്കൂട്ട് പരിശോധനകൾ ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും ആരോപണം ഉയരുന്നുണ്ട്. പാണ്ടിത്താവളത്തിലേക്ക് പോകുന്ന വഴിയിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷ്യ വസ്തുവിൽ പുഴുവിനെ ലഭിച്ചതായ പരാതി കഴിഞ്ഞദിവസം ഉയർന്നിരുന്നു. എന്നാൽ ഈ സംഭവം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് ഒതുക്കി തീർക്കുകയായിരുന്നുത്രേ.

സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഭൂരിഭാഗം സ്ഥാപനങ്ങളിലും വിലനിലവാരമോ, മാനുഫാക്ചറിങ്, എക്സ്പയറി തീയതി രേഖപ്പെടുത്താത്ത ഭക്ഷ്യവസ്തുക്കളാണ് വൻ വിലക്ക് വിൽക്കുന്നത്. ഇതിനെതിരെ തീർത്ഥാടകരുടെ ഭാഗത്തുനിന്നും നിരവധി പരാതികൾ ഉയർന്നിട്ടും ചെറുവിരൽ അനക്കാൻ പോലും അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. ആരോഗ്യ വിഭാഗത്തിന്റേതടക്കമുള്ള മിന്നൽ പരിശോധനാ വിവരം സന്നിധാനത്തെ ചില സ്ഥാപന ഉടമകൾക്ക് മുൻകൂട്ടി ലഭിക്കുന്നതായും പറയപ്പെടുന്നു. പരിശോധനകളിൽ നിന്നും ചില സ്ഥാപനങ്ങളെ ഒഴിവാക്കുന്നതും സംശയാസ്പദമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും അടക്കം എത്തുന്ന തീർത്ഥാടകർക്ക് ഇതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പരുകളോ മറ്റ് സംവിധാനങ്ങളോ സന്നിധാനത്ത് ഒരിടത്തും ഏർപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.

Tags:    
News Summary - Complaint that Food Safety Department's inspection at Sabarimala is a farce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.