എം.എസ്.എഫ് ദേശീയ പ്രസിഡന്‍റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി; പി.കെ. നവാസ് അടക്കമുള്ളവരെ വേട്ടയാടുന്നുവെന്ന് ആരോപണം

കോഴിക്കോട്: ദേശീയ പ്രസിഡന്‍റ് ടി.പി അഷ്റഫലിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം എം.എസ്.എഫ് ഭാരവാഹികളുടെ പരാതി. രണ്ട് സംസ്ഥാന ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരാവാഹികളുമാണ് മുസ് ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകിയത്.

എം.എസ്.എഫിലെ പുതിയ സംഭവ വികാസങ്ങൾക്ക് പിന്നിൽ അഷ് റഫലി ആണ്. കഴിഞ്ഞ 15 വർഷകാലം എം.എസ്.എഫിൽ അഷ് റഫലിയുടെ സ്വാധീനമുണ്ടായിരുന്നു. എന്നാൽ, പി.കെ. നവാസ് സംസ്ഥാന പ്രസിഡന്‍റ് ആയതോടെ ആ സ്വാധീനം നഷ്ടമായി. ഇതിന് പ്രതികാരമായി പി.കെ. നവാസ് അടക്കമുള്ള ഒരു വിഭാഗം ഭാരവാഹികളെ അഷ് റഫലി വേട്ടയാടുകയാണ്. വിദ്യാർഥിനി വിഭാഗമായ ഹരിത നേതാക്കളുടെ പരാതിയും ഇതിന്‍റെ ഭാഗമാണ്. പി.കെ. നവാസിനെതിരെ പരാതി വന്നത് അഷ് റഫലിയുടെ അറിവോടെയാണെന്നും പരാതിയിൽ പറയുന്നു.

പി.കെ. നവാസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 11 എം.എസ്.എഫ് ജില്ല കമ്മിറ്റികൾ അഷ് റഫലിക്ക് കത്ത് നൽകിയിരുന്നു. ജില്ലാ ഭാരവാഹികളുടെ വ്യാജ ഒപ്പിട്ടാണ് ഈ കത്ത് കൈമാറിയതെന്നും പരാതിയിൽ പറയുന്നു. ഈ കത്തിനെ കുറിച്ചും ലീഗ് നേതൃത്വം അന്വേഷിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ഹരിത നേതാക്കളുടെ പരാതിയിൽ എം.എസ്.എഫ് ദേശീയ കമ്മിറ്റി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. ഈ സിറ്റിങ്ങിന്‍റെ വ്യാജ റിപ്പോർട്ട് ആണ് മാധ്യമങ്ങൾക്ക് ലഭിച്ചതെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.

Tags:    
News Summary - Complaint seeking inquiry against MSF National President TP Ashraf Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.