പട്ടയഭൂമി അന്വേഷിച്ച് എത്തിയ ആദിവാസികൾ 

അട്ടപ്പാടിയിൽ ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിൽ വ്യാപക കൈയേറ്റമെന്ന് പരാതി

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിൽ വ്യാപക കൈയേറ്റമെന്ന് പരാതി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പാലക്കാട് കലക്ടർ, ഒറ്റപ്പാലം ആർ.ഡി.ഒ എന്നിവർക്ക് സുകുമാരൻ അട്ടപ്പാടി പരാതി നൽകി. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ കോട്ടത്തറ വില്ലേജിൽ 1819, 1275 എന്നീ സർവേ നമ്പരിലെ ഭൂമിയിലാണ് വ്യാജരേഖ കളുണ്ടാക്കി കൈയേറ്റം നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

അട്ടപ്പാടിയിൽ ആദിവാസികൾ പാരമ്പര്യമായി കൈവശംവെച്ചിരിക്കുന്ന ഭൂമിയിലാണ് കൈയേറ്റം. വനഭൂമിയോട് ചേർന്ന പ്രദേശവും, വനഭൂമിയും കൈയേറി മരങ്ങൾ നീക്കം ചെയ്തും, മണ്ണുമാന്തി ഉപയോഗിച്ച് മലകൾ നിരപ്പാക്കിയുമാണ് പുതിയ കൈയേറ്റം. നൂറുകണക്കിന് ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ കൈയേറിയിരിക്കുന്നത്. നിയമസഭ 1999ലെ ആദിവാസി ഭൂ നിയമം നടപ്പാക്കിയപ്പോൾ മുൻമന്ത്രി കെ.ഇ. ഇസ്മായിൽ 1999 ജൂലൈ എട്ടിന് അട്ടപ്പാടിയിൽ ആദിവാസികൾക്ക് പട്ടയം നൽകിയിരുന്നു. ഈ ഭൂയിലും കൈയേറ്റം നടന്നുവെന്നാണ് പരാതി. ഈ ഭൂമിക്ക് പട്ടയങ്ങൾ നൽകിയതല്ലാതെ ആദിവാസികൾക്ക് സർവേ ചെയ്ത് ഭൂമി അളന്നു അതിരുതിരിച്ച് നൽകിയിരുന്നില്ല.


കാറ്റാടി കമ്പനിയുടെ കൈയേറ്റത്തിലെ വിവാദ ഭൂമിയാണ് സർവേ 1275 ലേത്. ഇവിടം സർവേ പ്രകാരം ആദിവാസി ഭൂമിയും വനഭൂമിയുമാണ്. ചീഫ് സെക്രട്ടറി തലത്തിലാണ് ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് നൽകിയത്. ഈ സർവേ നമ്പരിലാണ് വീണ്ടും കൈയേറ്റം നടക്കുന്നത്. അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചുവെങ്കിലും തുടർ നടപടിയുണ്ടാകുന്നില്ല.

ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിൽ ആദിവാസികളല്ലാത്തവർക്ക് ഭൂരേഖയുണ്ടാക്കി കൈയേറ്റം നടത്താവുന്ന വിധത്തിൽ റവന്യൂ, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറുന്നതിനെതിരെ അന്വേഷണം നടത്താൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നടപടി സ്വീകരിക്കണെന്ന് പരാതിയിൽ ആവശ്യപ്പെട്ടത്. 

Tags:    
News Summary - Complaint of widespread encroachment on the land granted by the charter in Attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.