മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നഴ്സ് മൃതദേഹത്തോട് അനാദരവ് കാട്ടുകയും ആറ് മണിക്കൂർ വാർഡിൽ കിടത്തുകയും ചെയ്തതായി പരാതി. കാഞ്ഞിരപ്പള്ളി പാലമ്പ്ര ചിരട്ടശേരി വീട്ടിൽ ചെല്ലമ്മ (67) യുടെ മൃതദേഹത്തോട് ആണ് അനാദരവ് കാട്ടിയത്. കഴിഞ്ഞ 16ന് രാവിലെ ചെല്ലമ്മയെ മൂന്നാം വാർഡിൽ പ്രവേശിപ്പിച്ചു. പ്രവേശിപ്പിക്കുന്നതിന് മുൻപ്, ആർ.ടി.പി.സി.ആർ പരിശോധനക്ക് സാംമ്പിൾ ശേഖരിച്ചിരിന്നു. എന്നാൽ വൈകുന്നേരം 4.35ന് ചെല്ലമ്മ മരിച്ചു. തുടർന്ന് മൃതദേഹം വിട്ടുകിട്ടാൻ ആവശ്യപ്പെട്ടപ്പോൾ, ആർ.ടി.പി.സി.ആർ ഫലം വന്നെങ്കിലേ മൃതദേഹം വിട്ടുതരുവാൻ പറ്റുകയുള്ളൂ എന്ന് ഡ്യൂട്ടിയിലുള്ള നേഴ്സ് പറഞ്ഞു. കൂടാതെ ഒരു ബോഡി കവറും രണ്ടു വെള്ള മുണ്ടും വാങ്ങുവാനും നഴ്സ് നിർദ്ദേശിക്കുകയും അതു വാങ്ങുകയും ചെയ്തു.

രാത്രി 8 മണി കഴിഞ്ഞിട്ടും മൃതദേഹം വിട്ടുകിട്ടാതിരുന്നതിനെ തുടർന്ന് വീണ്ടും നഴ്സിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ചെല്ലമ്മയുടെ ബന്ധുക്കൾ അത്യാഹിത വിഭാഗത്തിലെത്തി പി.ആർ.ഒ കണ്ടു പരാതി പറഞ്ഞു. അദ്ദേഹം 117 കൗണ്ടറിൽ (അഡ്മിഷൻ കൗണ്ടർ) അന്വേഷിക്കുവാൻ പറയുകയും അവിടെ അന്വേഷിച്ചപ്പോൾ, മൃതദേഹം നെഗറ്റീവ് ആണെന്നും, ഐഡി കാർഡ് കാണിച്ച് വാർഡിലെ നഴ്സിനോട് വിവരം പറഞ്ഞാൽ മതിയെന്നും നിർദ്ദേശിച്ചു. തുടർന്ന്, വാർഡിലെത്തി വിവരം നഴ്സിനോട് പറഞ്ഞെങ്കിലും മൃതദേഹം വിട്ടുതന്നില്ല വീണ്ടും 117ലെത്തി ജീവനക്കാരനെ കണ്ടു.

അദ്ദേഹം ഞങ്ങളുടെ കൂടെ വന്ന് പി.സി.ആർ ലാബിലെത്തി, ആർ.ടി.പി.സി.ആർ പരിശോധന ഫലം വാങ്ങി ഞങ്ങളുടെ കൂടെ വാർഡിലെത്തി മൃതദേഹം ആവശ്യപ്പെട്ടെങ്കിലും നഴ്‌സ് തന്നില്ല. തുടർന്ന് ദേഷ്യപ്പെട്ടപ്പോൾ, ഈ വാർഡിലെ ഒരു ജീവനക്കാരനെ 117 കൗണ്ടറിലേക്ക് പറഞ്ഞുവിട്ടു. അന്വേഷിച്ച ശേഷം, രാത്രി 10.30 നാണ് മൃതദേഹം വിട്ടു തന്നത്.

പട്ടികജാതിക്കാരും നിർധനരുമായ ഞങ്ങളെ മനഃപൂർവ്വം അവഹേളിക്കുകയും അപമാനിക്കുകയും മൃതദേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്ത നഴ്സിന്‍റെ നടപടിയെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പട്ടികജാതി/വർഗ വകുപ്പ് മന്ത്രി, പട്ടികജാതി കമീഷൻ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.

Tags:    
News Summary - Complaint of disrespect to the body in kottayam medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.