‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’; പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയക്കെതിരെ വർഗീയ പ്രചാരണം; എൽ.ഡി.എഫ് അനൗൺസ്മെന്‍റ് വിവാദത്തിൽ, ഡി.ജി.പിക്ക് പരാതി

പാലേരി: പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ഡി.എഫ് നടത്തിയ അനൗൺസ്‌മെന്റിനെച്ചൊല്ലി വൻ വിവാദം. യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയയുടെ പ്രചാരണവുമായി ബന്ധപ്പെട്ട്, “നമ്മുടെ വോട്ടുകൾ നമ്മുടെ ഖൗമിലെ കുട്ടിക്ക്, മത ഏകീകരണത്തിന്റെ ചിന്നം വിളിയാണ് മുസ്‌ലിം ലീഗ് നടത്തുന്നത്” എന്ന പരാമർശമാണ് എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നിന്ന് പ്രക്ഷേപണം ചെയ്തതെന്നാണ് യു.ഡി.എഫ് ആരോപണം.

ഈ പ്രചാരണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവിധ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. വിഷയത്തിൽ എൽ.ഡി.എഫ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമാണെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യു ജനറൽ സെക്രട്ടറി അർജുൻ കട്ടയാട്ട് ഡി.ജി.പിക്ക് പരാതി നൽകി. വാഹന അനൗൺസ്മെന്‍റിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘മുസ്‍ലിം ലീഗ് നടത്തുന്ന സ്വകാര്യ പ്രചാരണം നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്‍റെ ചിന്നം വിളിയാണ് മുസ്‍ലിം ലീഗ് നടത്തുന്നത്. മത വർഗീയതയുടെ തന്ത്രമാണ് പേരാമ്പ്രയുടെ തെരഞ്ഞെടുപ്പ് ഗോദയിൽ അവർ നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ മുസ്‍ലിം ലീഗിന്‍റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപിക്കേണ്ടതുണ്ട്. നമ്മൾ മനുഷ്യർ ജാതിക്കും മതത്തിനും അപ്പുറത്താണ്. മതസഹോദര്യത്തെ ഊട്ടി വളർത്തേണ്ടവരാണ്. എൽ.ഡി.എഫ് മതരാഷ്ട്രീയത്തിന്‍റെ പക്ഷത്തല്ല, മനുഷ്യപക്ഷത്താണ്. പേരാമ്പ്രയുടെ മണ്ണ് മനുഷ്യപക്ഷത്താണ് എന്ന് തെളിയിക്കാൻ നിങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് രേഖപ്പെടുത്തുക’ -എന്നാണ് ദൃശ്യങ്ങളിലുള്ള, എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ബോർഡ് വെച്ച വാഹനത്തിൽനിന്ന് അനൗൺസ് ചെയ്യുന്നത്.

വർഗീയത പരസ്യമായി വിളിച്ചുപറഞ്ഞാണ് ഇടതുപക്ഷം വോട്ടുപിടിക്കുന്നതെന്ന് ലീഗ് നേതാക്കൾ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മതപരമായ വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും സമൂഹത്തിലെ വിവിധ വൃത്തങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് മണ്ഡലത്തിൽ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്ന് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരായ 'കാഫിർ സ്ക്രീൻ ഷോട്ട്' പ്രചാരണവും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. മുസ്‍ലിം ലീഗിന്റെ ഊർജസ്വലയായ വനിതാ നേതാവ് ഫാത്തിമ തഹ്‍ലിയയെ യു.ഡി.എഫ് രംഗത്തിറക്കിയതോടെ മത്സരം പ്രവചനാതീതമായ തലത്തിലേക്കുയർന്നിരിക്കുകയാണ്. കഴിഞ്ഞ 49 വർഷക്കാലം ഇടതുമുന്നണി ജനപ്രതിനിധികളെ മാത്രം തെരഞ്ഞെടുത്ത പേരാമ്പ്ര ഇക്കുറി ഒരു പ്രവചനങ്ങൾക്കും പിടികൊടുക്കുന്ന മട്ടില്ല. 15 വർഷം ടി.പി. രാമകൃഷ്ണനായിരുന്നു പേരാമ്പ്രയുടെ ജനപ്രതിനിധി. 2001 ൽ കന്നിയങ്കത്തിനിറങ്ങിയ ടി.പി 2,684 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പിന്നീട് 2016 വീണ്ടും അങ്കത്തിനിറങ്ങിയപ്പോൾ ഭൂരിപക്ഷം 4101 ആയി ഉയർന്നു. 2021 ൽ 22592 വോട്ടിന്‍റെ വമ്പൻ ഭൂരിപക്ഷം നൽകിയാണ് രാമകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

പേരാമ്പ്ര നിലനിർത്താൻ പ്രായപരിധിയിൽ ഇളവ് നൽകിയാണ് പാർട്ടി വീണ്ടും ടി.പി. രാമകൃഷ്ണനെ രംഗത്തിറക്കിയിരിക്കുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ പേരാമ്പ്ര മണ്ഡലത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടാകുമായിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടെ ഒരിക്കലും പാർട്ടി പിന്നിൽ പോയിരുന്നില്ല. എന്നാൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സമവാക്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പത്തിൽ ആറ് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണത്തിൽ വന്നു. നേരത്തെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഭരണം മാത്രം ഉണ്ടായിരുന്ന യു.ഡി.എഫ് പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, തുറയൂർ പഞ്ചായത്തുകളാണ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്തത്. ബി.ജെ.പിയുടെ കോഴിക്കോട് മേഖല സെക്രട്ടറിയാണ് എൻ.ഡി.എ സ്ഥാനാർഥി എം. മോഹനൻ.

Tags:    
News Summary - Communal campaign against Fatima Tahlia in Perambra; LDF announcement in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.