കരിങ്കൊടി പ്രതിഷേധം: ‘മന്ത്രി തെറിച്ചുപോയെന്ന് പറഞ്ഞിട്ടില്ല, തന്‍റെ പേരിൽ വ്യാജമൊഴി'; എസ്.ഐ.ടിക്ക് മുന്നിൽ വെളിപ്പെടുത്തലുമായി മുൻ എസ്.ഐ

തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അന്വേഷണ സംഘം തന്റെ പേരിൽ വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നൽകിയ മൊഴിയിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവ സമയത്ത് ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നും അന്നത്തെ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ കൂടിയായ ദീപ്തി എസ്.ഐ.ടിയെ അറിയിച്ചു. കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ അന്വേഷണ സംഘം തന്റേതെന്ന പേരിൽ കള്ളമൊഴി ഉണ്ടാക്കുകയായിരുന്നുവെന്ന് ദീപ്തി വ്യക്തമാക്കി.

വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് അന്ന് വ്യാജമൊഴി നൽകിയതെന്ന് വ്യക്തമാക്കിയ ഗൺമാൻ അഭിലാഷ്, ആക്രമണം കണ്ടിട്ടില്ലെന്ന് എസ്.ഐ.ടിക്ക് മുന്നിൽ നിലപാട് തിരുത്തിയതോടെ മുൻമന്ത്രി കൂടുതൽ പ്രതിരോധത്തിലായിരുന്നു. ഈ വിഷയത്തിൽ മുൻമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ രംഗത്തെത്തിയിരുന്നു. മുൻപത്തെ കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ ഇടയാക്കിയ സംഭവത്തെ ഗൗരവത്തോടെ കാണുന്ന അന്വേഷണസംഘം ഇയാൾക്കെതിരെ നടപടി ശിപാർശ ചെയ്യുന്ന റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറാൻ ഒരുങ്ങുകയുമാണ്.

കേസിലെ പ്രതികളായ കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ചുപേരുടെയും മൊഴി എസ്.ഐ.ടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. സംഭവദിവസത്തെ വിശദാംശങ്ങൾ തേടുകയും ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഗൺമാന്റെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് ഇൻസ്പെക്ടറുടെ മൊഴിയെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.

Tags:    
News Summary - Black Flag Protest: Former SI Denies Statement, Claims Fake FIR Registered in Veena George Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.