സിനഗോഗിന്​ മുന്നിലെ തീവെപ്പ്​: വിക്രമും ബോസും ഒരാളോ?; കണ്ടെത്താൻ പൊലീസ്​

കൊച്ചി: എറണാകുളം കടവുംഭാഗത്തെ സിനഗോഗിന്​ മുന്നിൽ തീവെപ്പ്​ നടത്തിയ സംഭവത്തിൽ പ്രതി എബിൻ പോളിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പൊരുൾ തേടി ​അന്വേഷണ സംഘം. സിനഗോഗ്​ ആക്രമണത്തിന്​ നിർദേശം നൽകിയത്​ വിക്രം എന്നയാളാണെന്ന്​ എബിൻ കഴിഞ്ഞ ദിവസം പൊലീസിനേട്​ പറഞ്ഞിരുന്നു. ഈ വിക്രമും നിർദേശങ്ങൾ നൽകിയതായി പ്രതി ആദ്യം പറഞ്ഞ ബോസും ഒരാളാണോ എന്ന്​ കണ്ടെത്താനാണ്​ പൊലീസ്​ ശ്രമിക്കുന്നത്​.

ഓൺലൈനിലൂടെ പരിചയപ്പെട്ട വിക്രമാണ് ക്വട്ടേഷൻ നൽകിയതെന്നാണ്​ കസ്റ്റഡിയിൽ വാങ്ങി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ എബിൻ പറഞ്ഞത്​. ഇയാളുടെ മൊബൈൽ ഫോണിന്‍റെ ഫോറൻസിക്​ പരിശോധനാ ഫലം പുറത്തുവരുന്നതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ പൊലീസ്​.

കൃത്യം നിർവഹിക്കാൻ നിർദേശം നൽകിയതാ​രാണെന്നും സംഭവവുമായി കൂടുതൽ പേർക്ക്​ ബന്ധമുണ്ടോ എന്നും ഇതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളും ഫോറൻസിക്​ ഫലത്തിലൂടെ വ്യക്​തമാകും​. കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന്​ എബിനെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തിരുന്നു. ​

അതിനിടെ, എബിന്​ രാജ്യാന്തര ഗുണ്ടാ തലവൻ ലോറൻസ്​ ബിഷ്​ണോയിയുടെ നേതൃത്വത്തിലുള്ള ​സംഘവുമായി ബന്ധമുള്ളതായും സംശയമുണ്ട്. എബിന്‍റെ ലാപ്​ ടോപ്​, മൊബൈൽ ഫോൺ എന്നിവയുടെ സെർച്ച്​ ഹിസ്റ്ററിയിലാണ്​ ഇതുസംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയത്​. കടവുംഭാഗം സിനഗോഗിന്​ മുന്നിൽ ഉൾപ്പെടെ നാലിടങ്ങളിൽ പ്രതി തീവെപ്പ്​ നടത്തിയതായാണ്​ പൊലീസ്​ കണ്ടെത്തിയത്​. ഇതിനെല്ലാം പ്രതിഫലം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്​. ഈ പണത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുന്നു. 

Tags:    
News Summary - Synagogue arson, police probe if Vikram and Boss are same

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.