‘രാഹുൽ, വി നീഡ് വി.ഡി’; ‘മാം, ക്യാപ്റ്റൻ ഓൺലി വി.ഡി’ -രാഹുലിന്റെയും പ്രിയങ്കയുടെയും പോസ്റ്റുകളിൽ സതീശന് വേണ്ടി കമന്റുകളുടെ പ്രവാഹം

കോഴിക്കോട്: യു.ഡി.എഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി ആരാകും എന്ന ഉദ്വേഗത്തിനിടെ, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സമൂഹമാധ്യമങ്ങളിൽ വളഞ്ഞ് മലയാളികൾ. വി.ഡി. സതീശന് വേണ്ടി പതിനായിരക്കണക്കിനാളുകളാണ് ഇരുവരുടെയും പോസ്റ്റിന് കീഴിൽ കമന്റ് ചെയ്യുന്നത്.

‘102 സീറ്റ് എന്ന ജനവിധിയിൽ തന്നെ ആരായിരിക്കണം കേരളത്തിന്റെ മുഖ്യമന്ത്രി എന്ന ആഹ്വാനം കൂടിയുണ്ട്. ജനവികാരം അറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ പരാജയത്തിൽ നിന്ന് തുടങ്ങേണ്ടിവരും കോൺഗ്രസിന്. Dear Rahul Gandhi, We need cm - VD Satheeshan’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘V D only, not anyone’ ‘എം.പി.മാരെയൊന്നും കെട്ടിയിറക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ നിലവിലില്ല.’ ‘If you have common sense make VD as CM’ എന്നിങ്ങനെ പോകുന്നു ആളുകളുടെ അഭിപ്രായങ്ങൾ.

62,000 കമന്റുകളാണ് രാഹുലിന്റെ പോസ്റ്റിന് കീഴിലുള്ളത്. പ്രിയങ്ക ഗാന്ധിയുടെ പോസ്റ്റിന് കീഴിൽ 3,200 കമന്റുകൾ വന്നു. ഇതിൽ ഏറിയ പങ്കും വി.ഡി.​ സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശയപ്പെട്ടുകൊണ്ടുള്ളതാണ്. അല്ലെങ്കിൽ കേരളത്തിൽ പാർട്ടിയുടെ തകർച്ചയാകും സംഭവിക്കുക എന്ന് ഇവർ മുനറിയിപ്പ് നൽകുന്നു.

മുഖ്യമന്ത്രിയാരെന്നതിൽ കോൺഗ്രസിൽ ചർച്ച തിളച്ചുമറിയുകയാണ്. പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമെന്ന നിലയിൽ വി.ഡി. സതീശൻ, മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമെന്ന നിലയിൽ രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളിലാണ് ചർച്ചകൾ കേന്ദ്രീകരിക്കുന്നത്.

വോട്ടെടുപ്പിന് പിന്നാലെ ഫലമറിയാനുള്ള കാത്തിരിപ്പ് കാലയളവിൽ കോൺഗ്രസിലുണ്ടായ ചരടുവലികളും അണയറ നീക്കങ്ങളും പൂർവാധികം ശക്തമായെന്ന് മാത്രമല്ല, ഫലപ്രഖ്യാപനത്തോടെ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. എം.എൽ.എമാരുടെ പിന്തുണയാണ് മാനദണ്ഡമെന്ന ഹൈകമാൻഡ് നിർദേശത്തിന് പിന്നാലെ വോട്ടുപിടിത്തം അണിയറയിൽ സജീവമാണ്. എം.എൽ.എമാരുടെ എണ്ണമെടുത്താൽ മുൻതൂക്കം കിട്ടുമെന്ന പ്രതീക്ഷയുള്ളതിനാൽ ആ നിലയ്ക്ക് തീരുമാനമുണ്ടാകണമെന്നാണ് കെ.സി. വേണുഗോപാൽ പക്ഷത്തിന്‍റെ നിലപാട്.

അതേസമയം, ഘടകകക്ഷികളുടെ അഭിപ്രായംകൂടി മുഖവിലക്കെടുക്കണമെന്ന നിലപാടിലാണ് സതീശൻ പക്ഷം. മുസ്‍ലിം ലീഗ് ഉൾപ്പെടെ അനുകൂല സമീപനം സ്വീകരിച്ച പശ്ചാത്തലത്തിലാണ് വി.ഡി. സതീശൻ പക്ഷത്തിന്‍റെ നീക്കം. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന കഴിഞ്ഞ ദിവസം കേരളത്തിലെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ വാക്കുകളും സതീശൻ വിഭാഗം പിടിവള്ളിയാക്കുന്നു.

അതിനിടെ കെ.സി. വേണുഗോപാൽ ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെത്തി. വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ഡൽഹിയിൽ ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് വൈകീട്ട് ഏഴോടെ വന്ദേഭാരത് എക്പ്രസിൽ കൊച്ചിയിലെത്തിയ വി.ഡി. സതീശനും ഉജ്ജ്വല വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്. ‘മുഖ്യമന്ത്രി സതീശാ’ എന്ന മുദ്രാവാക്യങ്ങളോടെ തോളിലേറ്റിയാണ് റെയിൽവേ സ്റ്റേഷന് പുറത്തെത്തിച്ചത്. തിരുവനന്തപുരത്തിന് സമാന്തരമായി ഡൽഹിയിലും നേതൃതല ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 

Full View


Full View

Tags:    
News Summary - Comments flood in favour of VD Satheesan on Rahul gandhi and Priyanka gandhi’s posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.