കാസർകോട് സാഹിത്യവേദിക്കുവേണ്ടി മുൻ എം.പി പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തെ വീട്ടിലെത്തി പി.വി. കൃഷ്ണൻ മാഷെ ആദരിക്കുന്നു 

കാർട്ടൂണുകളിൽ നിന്നിറങ്ങി പന്ന്യനെത്തി; കൃഷ്ണൻ മാഷിന് മധുരം നൽകി

തിരുവനന്തപുരം: കാർട്ടൂണുകളിൽ നിന്നിറങ്ങി പന്ന്യനെത്തി, പി.വി. കൃഷ്ണന് മധുരം നൽകി ഓർമകൾ പങ്കിട്ടു. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് കരിയം ചിത്രം വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന പ്രശസ്ത കാർട്ടൂണിസ്റ്റും ചിത്രകാരനും ഫോട്ടോഗ്രാഫറുമായ പി.വി. കൃഷ്ണന്റെ അരികിലേക്കുചെന്ന് കൈചേർത്തു പിടിച്ചപ്പോൾ മാഷ് തിരിച്ചറിഞ്ഞു, പന്ന്യൻ രവീന്ദ്രൻ.

നീണ്ട വിരലുകൾക്കിടയിൽ ചായം ചാലിച്ച ബ്രഷിൽ അനവധി കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മാഷ് തന്നെ തിരിച്ചറിഞ്ഞത് പന്ന്യനെയും ആഹ്ലാദിപ്പിച്ചു. കാർട്ടൂണുകളിൽ മാഷുടെ വരയിൽ എളുപ്പം വഴങ്ങുന്ന രണ്ടുപേരായിരുന്നു വി.എസ്. അച്യുതാനന്ദനും പന്ന്യൻ രവീന്ദ്രനും. കൃഷ്ണൻ മാഷുടേത് വെറും കർട്ടൂണുകൾ ആയിരുന്നില്ല, അതു ശരിരാഷ്ട്രീയമേതെന്ന ചൂണ്ടുപലക കൂടിയായിരുന്നുവെന്ന് പന്ന്യൻ ഓർത്തെടുത്തു.

കാസർകോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മാഷിനെ കാണാനും ആദരിക്കാനും ഉപഹാരം നൽകാനുമാണ് മുൻ എം.പിയും പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാനുമായ പന്ന്യൻ എത്തിയത്. കാസർകോട് സാഹിത്യവേദി ഭാരവാഹികളായ എരിയാൻ ഷരീഫ്, റഹ്‌മാൻ മുട്ടത്തൊടി, എം.വി. സന്തോഷ് എന്നിവർ കൂടെയുണ്ടായിരുന്നു. മാഷിനെ പന്ന്യൻ രവീന്ദ്രൻ ഷാൾ അണിയിച്ചു. സാഹിത്യവേദിയുടെ മെമന്റോ നൽകി. കാസർകോടിന്റെ മധുരം പന്ന്യൻ വായിൽ വെച്ചുകൊടുത്തു. സംസാരത്തിനിടയിൽ പേനയും കടലാസും മകൾ രേഖ കൃഷ്ണൻ നൽകിയപ്പോൾ മുഖത്ത് പ്രകാശം വിരിഞ്ഞു.

പന്ന്യന്റെ മുടിനാരുകൾ വരച്ചുതുടങ്ങി. പതിയെ മാഷ് പറഞ്ഞു. ‘വയ്യ, വിരലുകൾ ചലിക്കുന്നില്ല.’ എം.പിയായിരിക്കെ, സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ കൃഷ്ണൻ മാഷുടെ കാർട്ടൂണുകളിൽ പന്ന്യൻ നിറഞ്ഞു നിന്ന ഒരുകാലമുണ്ടായിരുന്നു. ഇടതുമുന്നണി തർക്കങ്ങൾ വാർത്തയാകുമ്പോൾ തെറ്റുകൾക്കെതിരെ മുടിയഴിച്ച് ഉറഞ്ഞുതുള്ളുന്ന പന്ന്യന്റെ കാർട്ടൂൺ മാധ്യമങ്ങളിൽ അച്ചടിച്ചു വന്നിരുന്നു.

പന്ന്യനെയും സാഹിത്യവേദി പ്രതിനിധികളെയും മകൾ രേഖാകൃഷ്ണൻ, പേരക്കുട്ടികളായ അച്ചു, അശ്വതി എന്നിവർ സ്വീകരിച്ചു. ഏറെനേരം ചെലവഴിച്ച ശേഷമാണ് പന്ന്യനും സംഘവും ഇവിടെനിന്ന് മടങ്ങിയത്. യാത്ര പറഞ്ഞിറങ്ങുമ്പോൾ മാഷുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞപ്പോൾ മാഷ് കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തു.

Tags:    
News Summary - Coming out of the cartoons and reaching Pannya; Krishna gave sweets to Masha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.