കൊച്ചി: തീവ്രവാദം, ലഹരിക്കടത്ത് തുടങ്ങി സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ഒരുമിച്ച് പോരാടാനും ഉഭയകക്ഷി സഹകരണം ഉറപ്പാക്കാനും തീരുമാനിച്ച് ആറാമത് കൊളംബോ സുരക്ഷാ കോൺക്ലേവ്. ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, മൊറീഷ്യസ് എന്നീ അംഗരാജ്യങ്ങളുടെയും ബംഗ്ലാദേശ്, സീഷെൽസ് എന്നീ നിരീക്ഷക രാജ്യങ്ങളുടെയും ദേശീയ ഉപസുരക്ഷാ ഉപദേഷ്ടാക്കളുടെ പദവിയിലുള്ള ഉന്നതോദ്യോഗസ്ഥരാണ് കൊച്ചിയിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്നത്.
സമുദ്രസുരക്ഷ, സംരക്ഷണം, തീവ്രവാദ പ്രതിരോധം, കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും അടക്കമുള്ള രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയൽ, സൈബർ സുരക്ഷ, അടിസ്ഥാന വികസനം, വിവര സാങ്കേതികവിദ്യ, ദുരന്ത നിവാരണം, അടിയന്തര ഘട്ടങ്ങളിലെ സഹായം തുടങ്ങിയ രംഗങ്ങളിലെ സഹകരണമാണ് യോഗം ചർച്ച ചെയ്തത്.സുരക്ഷാപ്രശ്‌നങ്ങൾ പരിഹരിക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ ബാധകമാകുന്ന നിയമങ്ങൾ നിർമിക്കാൻ ശ്രീലങ്കയിലെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ഷവേന്ദ്ര സിൽവ നിർദേശിച്ചു.
നിർബന്ധിത കുടിയിറക്കലിനിരയായ മ്യാന്മർ പൗരന്മാരെ സുരക്ഷിതമായി തിരിച്ചയക്കാൻ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമീഷനിലെ പ്രതിരോധ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുൽ കലാം ആസാദ് ഇന്ത്യയുടെ സഹായം അഭ്യർഥിച്ചു. പൊതു ഭീഷണികൾ വർധിക്കുന്നതിനാൽ പങ്കാളിത്ത രാജ്യങ്ങൾ തമ്മിലെ സഹകരണം അനിവാര്യമാണെന്ന് മാലദ്വീപ് വിദേശകാര്യ സെക്രട്ടറി അഹമ്മദ് ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.