കോഴിക്കോട്: കേരളത്തിലെ ദേശീയപാതയുടെ (എൻ.എച്ച്-66) ഭൂരിഭാഗം പാക്കേജുകളും നിർമിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തൽ. നാഷണൽ ഹൈവേ അതോറിറ്റി നിയോഗിച്ച സമിതിയുടെ പരിശോധന റിപ്പോർട്ടിലാണ് ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്.
എൻ.എച്ച് 66ലെ ചരിവുകൾ ശക്തിപ്പെടുത്തുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും സാങ്കേതികത ഉപയോഗിച്ചുള്ള നിർമാണ ക്രമമൊന്നും പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ചരിവ് സംരക്ഷണത്തിന് സമഗ്രമായ ജിയോ ടെക്നിക്കൽ അന്വേഷണങ്ങളോ സൈറ്റ്-നിർദിഷ്ട ജിയോളജിക്കൽ മാപ്പിങ്ങോ ഫൗണ്ടേഷൻ എഞ്ചിനീയറിങ് പഠനങ്ങളോ നടന്നിട്ടില്ല.
ഭൂമിശാസ്ത്രപരമായി സെൻസിറ്റീവായ പ്രദേശങ്ങളിൽ ജിയോ ടെക്നിക്കൽ ഇൻപുട്ട് ഇല്ലാതെ പൊതുവായ പരിഹാരങ്ങൾ ഫലപ്രദമാകില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഒരു ഏജൻസിയെയും ഉത്തരവാദിത്തത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലുംറോഡ് നിർമാണത്തിലെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ട് തുറന്നുകാട്ടുന്നത്.
മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതോടെയാണ് കേരളത്തിലെ എൻ.എച്ച് 66ലെ വ്യാപക തകർച്ച പുറത്തുവന്നതും വിവാദമായതും. മലപ്പുറത്തും കണ്ണൂരും കാസർകോടുമെല്ലാം നിരവധി ഇടങ്ങളിൽ നിർമാണം പൂർത്തിയ റോഡ് തകർന്ന് വീണിരുന്നു.
ഏകദേശം 600 കിലോമീറ്റർ നീളമുള്ള ദേശീയപാത 66 കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.
ന്യൂഡൽഹിയിലെ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചീഫ് സയന്റിസ്റ്റ് കിഷോർ കുമാർ, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാന യൂണിറ്റ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ കെ. അരവിന്ദ്, പാലക്കാട് ഐ.ഐ.ടിയിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രഫസറും മേധാവിയുമായ ടി.കെ. സുധീഷ്, ന്യൂഡൽഹിയിലെ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജിയോ ടെക്നിക്കൽ എഞ്ചിനീയറിങ് വിഭാഗം ചീഫ് സയന്റിസ്റ്റ് പി.എസ്. പ്രസാദ് എന്നിവർ അംഗങ്ങളായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.