തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ജീവനക്കാർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സർവിസ് ചട്ടങ്ങളും ലംഘിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും ജില്ല കലക്ടർക്കും പരാതി. സർവകലാശാല സെനറ്റ് അംഗം അഡ്വ. എൻ.എ. കരീമാണ് പരാതി നൽകിയത്. സർവകലാശാലയിലെ മൂന്ന് ജീവനക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. പരീക്ഷഭവൻ ബി.കോം ബ്രാഞ്ചിലെ അസി. സെക്ഷൻ ഓഫിസർ ശരത് ചന്ദ്രൻ, അസിസ്റ്റന്റ് വി.പി. സറീന, എൻജിനീയറിങ് വിഭാഗം ഡ്രൈവർ പി.പി. ഉണ്ണികൃഷ്ണൻ എന്നിവരാണ് ആരോപണവിധേയർ.
പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെ, സർവകലാശാല പരിസരവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് വീഡിയോ തയാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പിലെ താൽക്കാലിക വീഡിയോഗ്രാഫർ റിസ്വാൻ അമീറിനെ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സസ്പെൻഡ് ചെയ്തു. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിച്ച് വിനിയോഗിക്കാത്ത കോൺഗ്രസുകാർ പ്രകടനപത്രികയിലൂടെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന രീതിയിലുള്ളതാണ് വീഡിയോയിലെ ഉളളടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.