എം.എം. മണി വിവാദം: മുഖ്യമന്ത്രിയുടെ പ്രസംഗവും സ്പീക്കുടെ റൂളിങ്ങും പരസ്പര വിരുദ്ധമല്ലെന്ന് എം.ബി. രാജേഷ്

തിരുവനന്തപുരം: നിയമസഭയിലെ എം.എം. മണിയുടെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗവും സ്പീക്കറുടെ റൂളിങ്ങും പരസ്പരവിരുദ്ധമ​ല്ലെന്ന്​ സ്പീക്കർ എം.ബി. രാജേഷ്. സ്പീക്കറും സഭാംഗങ്ങളുമെല്ലാം ചേർന്ന്​ നടത്തിയ സ്വയംവിമർശനമാണ്​ റൂളിങ്. വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ഔചിത്യപൂർണവും കരുതലുള്ളതുമായിരുന്നു. ​പ്രസംഗത്തിന്‍റെ രേഖ സൂക്ഷ്മമായി വായിച്ചാൽ ഇത്​ വ്യക്തമാകും.

തങ്ങൾക്ക്​ സ്വയംവിമർശനം നടത്താനും തിരുത്താനുമുള്ള കെൽപ്പുണ്ടെന്ന്​ തെളിയിക്കുകയാണ്​ റൂളിങ്ങിലൂടെ സഭ ചെയ്തത്​. കേരള നിയമസഭയുടെ കരുത്തിനെയും ആന്തരിക ശക്തിയെയുമാണ്​ ഇത്​ അടിവരയിടുന്നത്​. സ്വയം നവീകരണത്തിന്​ വേണ്ടിയുള്ള തുടക്കമാണിത്​​. പ്രത്യക്ഷത്തിൽ സഭ്യേതരമായ വാക്കുകൾ സഭാരേഖകളിൽനിന്ന്​ അ​പ്പോൾതന്നെ നീക്കംചെയ്യും. വാക്കുകളിൽ തെറ്റില്ലെങ്കിലും കൈമാറുന്ന ആശയം പുതിയ കാലത്തിന്‍റെ മൂല്യബോധത്തിന്​ യോജിച്ചതല്ലെങ്കിൽ അവധാനതയോടെ പരിശോധിച്ച്​ മാത്രമേ ചെയ്യാൻ കഴിയൂ.

വിമർശന സാഹചര്യമുണ്ടാക്കുന്നതിൽ രാഷ്ട്രീയക്കാർക്ക്​ മാത്രമല്ല, മാധ്യമങ്ങൾക്കും പങ്കുണ്ട്​. ദൃശ്യമാധ്യമങ്ങൾക്കാണ്​ വലിയ പങ്ക്​. സ്വയം വിമർശനത്തിന്​ നിയമസഭ സന്നദ്ധമായി. ഇനി മാധ്യമങ്ങളുടെ ഊഴമാണ്​. സാ​ങ്കേതികമായ ശരിതെറ്റുകളുടെ പ്രശ്​നമായല്ല ഇതിനെ കാണേണ്ടതെന്നും ഒരു ചാനലിന്​ നൽകിയ അഭിമുഖത്തിൽ സ്​പീക്കർ വ്യക്തമാക്കി.

സഭ പിരിഞ്ഞത്​ അസാധാരണ നടപടി

സജി ചെറിയാന്‍റെ വിവാദ പരാമർശങ്ങൾക്ക്​ പിന്നാലെ സഭ വേഗത്തിൽ പിരിഞ്ഞതിനെക്കുറിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തത്​ അസാധാരണ നടപടിയെന്നാണ്. അങ്ങനെയല്ല, വളരെ സാധാരണ നടപടിയായിരുന്നു​. ഒരു ഡസൺ തവണയെങ്കിലും സഭ ഇതിനെക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ പിരിഞ്ഞിട്ടുണ്ട്​.

27ന്​ സഭ ചേർന്നപ്പോൾ ബഹളം മൂലം ചോദ്യോത്തര വേള റദ്ദാക്കി, മറ്റ്​ നടപടികൾ മാറ്റിവെച്ചു. നിർത്തിവെച്ച സമയമത്രയും പ്രതിപക്ഷവും ഭരണപക്ഷവും പിരിഞ്ഞുപോകാതെ അങ്ങോട്ടുമി​ങ്ങോടും ആരോപണങ്ങളുമായി നിലയുറപ്പിച്ചു. ഇത്​ അസാധാരണ സാഹചര്യമാണ്​. ഈ സാഹചര്യം ആവർത്തിക്കേണ്ട എന്നതിനാലാണ്​ അന്ന്​ എല്ലാ നടപടികളും റദ്ദാക്കിയത് -സ്പീക്കർ പറഞ്ഞു​.

Tags:    
News Summary - CM's speech and Speaker's ruling are not mutually exclusive - M.B. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.