കോഴിക്കോട്: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജീവൻ സംരക്ഷിക്കാൻ കേരള സർക്കാറും മുഖ്യമന്ത്രിയും ഉണർന്ന് പ്രവർത്തിക്കണമെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ഭാരവാഹികളും കാപ്പന്റെ കുടുംബവും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആറു മാസം മുമ്പ് യു.എ.പി.എ പ്രകാരം അറസ്റ്റിലായ സിദ്ദീഖ് കാപ്പൻ കോവിഡ് ബാധിച്ചതിനാൽ ആശുപത്രിയിലാണ്.
യു.പിയിലെ ചികിത്സ അപര്യാപ്തതകളുടെ തീക്ഷ്ണത പുറത്തുവരുന്ന സാഹചര്യത്തിൽ സിദ്ദീഖ് കാപ്പന്റെ ആരോഗ്യ സംരക്ഷണത്തിന് കേരള സർക്കാറും പൊതുസമൂഹവും ഉണർന്നുപ്രവർത്തിക്കണം. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത കേരള സർക്കാറിനുണ്ട്.
സിദ്ദീഖ് കാപ്പനും ഈ പരിഗണന അർഹിക്കുന്നതിനാൽ ഇനിയെങ്കിലും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
സിദ്ദീഖ് കാപ്പന്റെ ആരോഗ്യ കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ഭാര്യ റൈഹാന പറഞ്ഞു. കടുത്ത പ്രമേഹ രോഗവും കൊളസ്േട്രാളും അലട്ടുന്ന സിദ്ദീഖിന് കോവിഡ് ബാധിച്ചതോടെ ആരോഗ്യം അപകടത്തിലാണ്. സർക്കാറും രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും സിദ്ദീഖിന്റെ ജീവൻ സംരക്ഷിക്കുന്നതിൽ ഇടപെടണമെന്നും അവർ അഭ്യർഥിച്ചു.
സമിതി ചെയർപേഴ്സൻ എൻ.പി. ചെക്കുട്ടി, കേരള പത്രപ്രവർത്തക യൂനിയൻ ജില്ല സെക്രട്ടറി പി.എസ്. രാഗേഷ്, സിദ്ദീഖ് കാപ്പന്റെ മക്കൾ, സഹോദരൻ ഹംസ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.