ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇത്; ടെസ്റ്റുകള്‍ നടത്താത്ത ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആർ.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്താന്‍ വിമുഖത കാണിക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരക്കുകള്‍ കുറച്ചതില്‍ പരാതികളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാവുന്നതാണെന്നും എന്നാല്‍ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഇത്തരമൊരു ഘട്ടത്തില്‍ എടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്‍റെ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചതിനെ തുടര്‍ന്ന് ചില ലാബുകള്‍ ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്നതായിശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിശദമായ ഒരു പഠനത്തിനു ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. ഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങള്‍ക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താന്‍ ആവശ്യമായ മനുഷ്യവിഭവം കൂടെ കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്യാകുന്നതാണ്.

ടെസ്റ്റ് നടത്തുന്നതില്‍ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും സര്‍ക്കാറിന് അംഗീകരിക്കാന്‍ സാധിക്കില്ല. ആര്‍.ടി.പി.സി.ആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നു എന്ന വാര്‍ത്തയും വന്നു. ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദര്‍ഭമല്ല ഇത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് നടത്തണം. വിസമ്മതിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും.- മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - CM says action will be taken against labs that do not conduct tests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.