കൊച്ചി: ഹനാൻ എന്ന മിടുക്കിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയവർക്കെതിരെ പോലീസ് നടപടി. ഉപജീവനത്തിന് എറണാകുളം തമ്മനത്ത് മത്സ്യ വിൽപന നടത്തുന്ന തൃശൂർ സ്വദേശിയായ വിദ്യാർഥിനി ഹനാനെയാണ് സമൂഹമാധ്യമങ്ങളിലെ ആൾക്കൂട്ടം അപമാനിച്ചത്. അപമാനിച്ചവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിക്ക് നിർദേശം നൽകി. ഹനാെൻറ സംരക്ഷണം ഉറപ്പാക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകുകയും ചെയ്തു.
കുട്ടിക്കെതിരെ ആദ്യ പോസ്റ്റിട്ട വയനാട് സ്വദേശി നൂറുദ്ദീന്‍ ഷേഖിനെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ അടുത്ത് േനരിട്ടെത്തി പരാതി രേഖപ്പെടുത്തിയശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിഡിയോ പ്രചരിപ്പിച്ചവർക്കും അപകീർത്തികരമായ കമൻറുകൾ പോസ്റ്റ് ചെയ്തവർക്കുമെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് അസി. കമീഷണർ കെ.ലാൽജി പറഞ്ഞു. ഐ.ടി ആക്ടിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കേരള വനിതകമീഷനും ദേശീയ ന്യൂനപക്ഷ കമീഷനും സ്വമേധയാ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.
തൊടുപുഴ അൽ അസ്ഹർ കോളജ് വിദ്യാർഥിനിയായ ഹനാൻ പഠനം കഴിഞ്ഞുള്ള സമയത്ത് മത്സ്യവിൽപന നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. ഹനാെൻറ വാർത്തയറിഞ്ഞ് സംവിധായകൻ അരുൺ ഗോപി സിനിമയിൽ അവസരം നൽകുകയും ചെയ്തു. എന്നാൽ, ഇതെല്ലാം സിനിമ പ്രമോഷനുള്ള നാടകമാണെന്നും ഹനാൻ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചിലർ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവർ ഹനാന് പിന്തുണയുമായി എത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.