ഇനി കരുതലോടെ പുറത്തിറങ്ങാം, ഹോട്ടലുകളിൽ ഇരുന്ന്​ കഴിക്കാം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷന്‍ നിരക്ക് തൊണ്ണൂറു ശതമാനമെത്തിയ സാഹചര്യത്തിലാണ്​ പുറത്തിറങ്ങാനുള്ള നിയന്ത്രണങ്ങളിൽ ഇളവ്​ പ്രഖ്യാപിക്കുന്നതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഡോസ് വാക്സിനേഷനെങ്കിലും സ്വീകരിച്ചവരോ, ആർ.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് ബാധിതരായി രണ്ടാഴ്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം ഒഴിവാക്കാന്‍ അവലോകന യോഗം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചവർക്ക്​ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും, ബാറുകളിലും ഇരിക്കാം. രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയായിരിക്കണം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്സിനേഷന്‍ നിബന്ധന 18 വയസിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. എന്നാൽ സീറ്റിങ്​ കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമെ അനുവദിക്കാവു. എ.സി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.

ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചവർക്കായി അനുവദിക്കും.

സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്കൂള്‍ മാനേജ്മെന്‍റ്​ പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്‍റെ ഉത്തരവാദിത്തം പൊലീസിന് ആയിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്‍റെ സഹായവും തേടാം.

സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങള്‍ ആയാലും സ്കൂള്‍ വാഹനങ്ങള്‍ ആയാലും അവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്കൂളിലെത്തി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

അടച്ചിട്ട മുറികളിലും ഹാളുകളിലുമുള്ള യോഗങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്​ അത് ഒഴിവാക്കണം. അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്കൂള്‍ തുറക്കുന്നതിനു മുന്നേ നടത്തണം.

കുട്ടികളില്‍ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികള്‍ക്കെങ്കിലും കോവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്സിനേഷൻ നടത്തണമെന്ന് പറയുന്നത്. അത് മാത്രമല്ല അവർ മറ്റ് കൂടുതൽ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണം. സ്കൂൾ പി.ടി.എ കൾ അതിവേഗത്തിൽ പുന:സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. യാത്രാക്ലേശം അടക്കം വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ പരിഗണിച്ചു.

ജപ്പാനിലെ വിദഗ്ദ്ധതൊഴില്‍ മേഖലകളിലേക്ക് റിക്രൂട്ട്മെന്‍റ് നടത്താന്‍ കേന്ദ്രം പുതിയ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. റിക്രൂട്ടുമെന്‍റിനു വേണ്ടി ഇന്ത്യയില്‍ ജപ്പാനീസ് ഭാഷാ പരിശീലനവും പരീക്ഷയും നടത്താന്‍ ജപ്പാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് നഴ്സുമാര്‍ക്ക് ജപ്പാനില്‍ അവസരമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ സെന്‍ററുകള്‍ ആരംഭിക്കണമെന്ന് കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ ഐ.ടി ഹാര്‍ഡ് വെയര്‍ ഉത്പാദനം പതിനായിരം കോടി രൂപയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.പൊതുതാത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്വകാര്യ ഐ. ടി പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പത്തു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസിന് ശേഷം പെന്‍ഷന്‍ ലഭിക്കും. ശാരീരികാവശതകളെ തുടര്‍ന്ന് തൊഴിലെടുക്കാനാകാതെ രണ്ടുവര്‍ഷമായി മാറിനില്‍ക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാവും. 3000 രൂപയാണ് പെന്‍ഷന്‍. ഓരോ വര്‍ഷവും 50 രൂപ വീതം പെന്‍ഷന്‍ വര്‍ധനവ് ലഭിക്കും.

പ്രവാസിചിട്ടി മൂന്നു വര്‍ഷം കൊണ്ട് അഞ്ഞൂറുകോടി എന്നിടത്തേക്കു വളര്‍ന്നിട്ടുണ്ട്. ആദ്യ 250 കോടി രൂപ നിക്ഷേപിക്കുവാന്‍ ചിട്ടികള്‍ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കില്‍ അത് 500 കോടിയിലെത്തുവാന്‍ വെറും 10 മാസം മാത്രമേ വേണ്ടിവന്നുള്ളൂ. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ എണ്ണം 113000 കടന്നു. നിലവില്‍ വിദേശത്ത് താമസിക്കുന്ന 1,02812 പ്രവാസി മലയാളികളും ഇന്ത്യയില്‍ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളും അടക്കം 113062 പേര്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.

ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം സംസ്ഥാനത്തിന് ഏറെ അഭിമാനകരമാണ്. ആദ്യ നൂറു റാങ്കുകളില്‍ പത്തിലേറെ മലയാളികളാണ് സ്ഥാനം പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kerala cm pinarayi vijayan press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.