ഫസല്‍ വധക്കേസ്; മോഹന്‍ വധക്കേസ് പ്രതിയുടെ മൊഴി സി.ബി.ഐക്ക് അയച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ വധക്കേസില്‍ ഉള്‍പ്പെട്ടതായി വാളാങ്കിച്ചാല്‍ മോഹന്‍ വധക്കേസ് പ്രതി സുഭീഷിന്‍െറ കുറ്റസമ്മതമൊഴിയുടെ ദൃശ്യം സി.ബി.ഐക്ക് അനന്തരനടപടികള്‍ക്കായി അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എ.എന്‍. ഷംസീറിനെ അറിയിച്ചു.

മോഹന്‍ വധക്കേസ് അന്വേഷണത്തിനിടെ സുഭീഷിനെ കൂത്തുപറമ്പ് സി.ഐ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ ഫസല്‍ വധക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായി കുറ്റസമ്മതമൊഴി നല്‍കിയത്. കേസില്‍  പ്രബീഷ്, പ്രതീഷ്, ഷിനോജ് എന്നിവര്‍ കൂടി ഉള്‍പ്പെട്ടിരുന്നതാണെന്നും കുറ്റസമ്മതമൊഴി നല്‍കിയിട്ടുണ്ട്. കുറ്റസമ്മതമൊഴിയില്‍ 2009ലെ ഗണപതി കൊലപാതകക്കേസിലും ഇയാള്‍ ഉള്‍പ്പെട്ടതായി പറയുന്നുണ്ട്.

കേസ് പുനരന്വേഷണം നടത്തി സുഭീഷിന്‍െറ കുറ്റസമ്മതമൊഴിയുടെ വിഡിയോ ദൃശ്യങ്ങള്‍ കൂത്തുപറമ്പ് ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.
 കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ഥികളായ എം.എസ്.എഫ് പ്രവര്‍ത്തകരെ കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ മര്‍ദിച്ചെന്ന പരാതി കലക്ടര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍.എ നെല്ലിക്കുന്നിനെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പള്ളിക്കര പഞ്ചായത്തിലെ കെ. ദേവകി കൊലപാതകക്കേസില്‍ ഫോറന്‍സിക് പരിശോധനാഫലം പെട്ടെന്ന് ലഭ്യമാക്കി ശാസ്ത്രീയതെളിവുകളുടെ പിന്‍ബലത്തില്‍ കേസന്വേഷണം പരമാവധി വേഗം പൂര്‍ത്തിയാക്കുമെന്ന് കെ. കുഞ്ഞിരാമനെ മുഖ്യമന്ത്രി അറിയിച്ചു.

തൃശൂര്‍ ഗവ. ലോ കോളജില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളുടെ മൊഴി പ്രകാരം എട്ട് പേരെ പ്രതികളാക്കി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഉപക്ഷേപത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - cm in fasal issu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.