അഴിമതിക്കെതിരെ തദ്ദേശവകുപ്പിൽ ശുദ്ധികലശം

കോഴിക്കോട്: സംസ്ഥാനത്ത് സർക്കാർ വകുപ്പുകളിലെ  അഴിമതിയിൽ തദ്ദേശ ഭരണ വകുപ്പാണ് ഒന്നാമതെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ശുദ്ധികലശം തുടങ്ങി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതുൾപ്പെടെ നടപടികളുമായാണ് പടയൊരുക്കം. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് അടിയന്തര നടപടിയെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു.

32,000ത്തോളം ജീവനക്കാരാണ് തേദ്ദശ വകുപ്പിനു കീഴിലുള്ളത്. 22,000ത്തോളം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമുണ്ട്. ഇവരുമായി ബന്ധപ്പെട്ട് വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഏറ്റവുമധികം അഴിമതി നടക്കുന്നത് തദ്ദേശ വകുപ്പിലാണെന്ന് വിജിലൻസ് കണ്ടെത്തിയത്. ഇൗ ഇൗജിയൻ തൊഴുത്ത് ഏതെങ്കിലും ഒരാൾ മാത്രം വിചാരിച്ചാൽ നന്നാക്കാനാവില്ല. എല്ലാവരും ഒത്തൊരുമിച്ച് ശ്രമിച്ചാലേ ജനങ്ങൾക്ക് പരാതിയില്ലാത്ത കേന്ദ്രമാക്കി തദ്ദേശ ഒാഫിസുകളെ മാറ്റാനാവൂവെന്നും മന്ത്രി പറഞ്ഞു.

ജോലിെചയ്യുന്നവർക്കും അല്ലാത്തവർക്കും അഴിമതി നടത്തുന്നവർക്കും അഴിമതിക്കാർക്കും ഒരേ ഗ്രേഡാണ് തദ്ദേശ ഭരണ തലവന്മാർ നൽകുന്നത്. അതുകൊണ്ടുതന്നെ എന്തുമാകാമെന്ന വിചാരം പല ജീവനക്കാർക്കിടയിലും വളർന്നിട്ടുണ്ട്. കോർപറേഷൻ സെക്രട്ടറി, എൻജിനീയർമാർ ഉൾപ്പെടെ 17 ഉദ്യോഗസ്ഥരെ ഇൗ സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അച്ചടക്ക നടപടികൾ ഇനിയും കർക്കശമാക്കും. സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് നിശ്ചയിക്കപ്പെട്ട കാലാവധിക്കുള്ളിൽ നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴയിടുന്ന നിയമം കർശനമാക്കും. കോർപറേഷൻ മുനിസിപ്പൽ ഒാഫിസുകളും ജില്ല ടൗൺ പ്ലാനിങ് ഒാഫിസും ചീഫ് ടൗൺ പ്ലാനറുടെ ഒാഫിസും വിജിലൻസി​െൻറ പ്രത്യേക നിരീക്ഷണത്തിലാക്കും. അഴിമതി ആരോപണത്തിന് വിധേയരാകുന്നവരുടെ സ്വത്തുവിവരം വിജിലൻസിനെക്കൊണ്ട് പ്രത്യേകം അന്വേഷിപ്പിക്കും.

അഴിമതിക്കാരുടെയും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവരുടെയും മടിയന്മാരുടെയും കാര്യത്തിൽ നടപടി സ്ഥലം മാറ്റത്തിൽ മാത്രം ഒതുങ്ങില്ല. വിജിലൻസ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സർവിസിൽനിന്ന് പറഞ്ഞുവിടുന്ന നടപടിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഉൾപ്പെടെ ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ‘ഫോർ ദ പീപ്ൾ’ എന്ന വെബ് പോർട്ടലിൽ പരാതി അയക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. യുവജന രാഷ്ട്രീയ സംഘടനകളും സന്നദ്ധ സംഘടനകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് കേസുകളിൽ റിട്ടയർമ​െൻറിനു ശേഷമാണ് പലപ്പോഴും കോടതിവിധി വരാറുള്ളത്. ഇൗ സാഹചര്യം മാറ്റി ആറു മാസത്തിനുള്ളിൽ ഇത്തരം കേസുകൾ തീർപ്പാക്കാനും ബന്ധപ്പെട്ടവർക്ക് ശിക്ഷ ഉറപ്പുവരുത്താനും പ്രത്യേക സംവിധാനമൊരുക്കും. തദ്ദേശ ഭരണ വകുപ്പിനെ സമ്പൂർണമായി അഴിമതിമുക്തമാക്കാൻ ജനങ്ങളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - clean local bodies from correption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.