'ഈ കളകൾ മുളച്ച് തുടങ്ങിയപ്പോൾ തന്നെ പറിച്ചു കളഞ്ഞിരുന്നുവെങ്കിൽ'; കുംഭമേള പ്രസ്താവന വിവാദമാക്കിയവർക്കും 'നിരീക്ഷകനും' എണ്ണിയെണ്ണി മറുപടിയുമായി സി.കെ. വിനീത്

ഹാകുംഭമേളയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവന വിവാദമാക്കിയവർക്ക് എണ്ണിയെണ്ണി മറുപടിയുമായി ഫുട്ബാൾ താരം സി.കെ. വിനീത്. ചാനൽ ചർച്ചകളിൽ 'നിരീക്ഷകനാ'യെത്തുന്ന വ്യക്തി തനിക്കെതിരെ നടത്തിയ ആരോപണങ്ങളാണ് സി.കെ. വിനീത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ ഒന്നൊന്നായി പൊളിച്ച് കയ്യിൽകൊടുക്കുന്നത്. 'എന്റെ പ്രതികരണം കൊണ്ട് ഇവരെയൊക്കെ നന്നാക്കി കളയാമെന്ന മിഥ്യാധാരണയൊന്നും എനിക്കില്ല. മറിച്ച് ഈ കളകൾ സമൂഹത്തിൽ മുളച്ച് തുടങ്ങിയപ്പോൾ തന്നെ പറിച്ചു കളഞ്ഞിരുന്നുവെങ്കിൽ ഇന്നിതൊരു ഇത്തിൾക്കണ്ണിയായി പടരില്ലായിരുന്നു' എന്നും വിനീത് അഭിപ്രായപ്പെടുന്നു.

കുംഭമേളയിൽ പങ്കെടുത്തത് ആ യാത്ര അനുഭവിക്കണമെന്ന താൽപര്യത്തോടെയാണ്. അവിടെ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പറഞ്ഞത്. എന്‍റെ കാഴ്ചപ്പാടുകളിൽ പ്രസക്തമെന്ന് കരുതിയ കാര്യങ്ങളാണ് പറഞ്ഞത്. കുംഭമേളയുടെ രാഷ്ട്രീയമോ അതിന്‍റെ കുറവുകളോ കാണിക്കലായിരുന്നില്ല ലക്ഷ്യം. കുംഭമേള മോശമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. പറഞ്ഞുകേട്ടത്ര മഹാസംഭവമായി അതിനെ തോന്നിയിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. അതിനർഥം, കുംഭമേള മോശമാണെന്നല്ല.

ഗംഗാജലം മലിനമാണെന്ന് അധികൃതർ തന്നെ പറഞ്ഞിട്ടുണ്ട്. കുംഭമേളക്ക് എത്തുന്ന ഭക്തർ കുളിക്കുന്ന ഗംഗാജലം കെട്ടിക്കിടക്കുന്നതിനാൽ മലിനമാണെന്ന് 'നിരീക്ഷകൻ' തന്നെ പറഞ്ഞിട്ടുള്ളത് വിനീത് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ശങ്കരാചാര്യർ ഉൾപ്പെടെ ഹൈന്ദവാചാര്യർ പറയുന്നതും വിനീത് ചൂണ്ടിക്കാട്ടി.

കുംഭമേളയിലെ വി.ഐ.പി സംസ്കാരത്തെയും വിനീത് തുറന്നുകാട്ടുന്നു. 'നിരീക്ഷകൻ' വി.ഐ.പിയായി പോയതുകൊണ്ടാവാം അവിടുത്തെ സാധാരണ ഭക്തരുടെ പ്രയാസങ്ങൾ അറിയാത്തത്. 'നിരീക്ഷകൻ' തന്‍റെ വ്യക്തിപരമായ കാര്യങ്ങളെ ചാനൽ ചർച്ചകളിൽ അവതരിപ്പിച്ചതിനും വിനീത് ശക്തമായ മറുപടി നൽകിയിട്ടുണ്ട്. വ്യക്തിപരമായ ആക്രമണമായതുകൊണ്ടാണ് താൻ ഈ മറുപടി നൽകുന്നതെന്നും വിനീത് പറയുന്നുണ്ട്.

Full View

താന്‍ കുംഭമേളയില്‍ കുളിച്ചില്ലെന്നും ചൊറി വരുത്താൻ താത്പര്യമില്ലെന്നുമുള്ള വിനീതിന്‍റെ പ്രസ്താവനയാണ് നേരത്തെ ഒരുവിഭാഗം വിവാദമാക്കിയത്. അത്രത്തോളം വൃത്തിയില്ലാത്ത വെള്ളമാണ് അവിടെ. വലിയ സംഭവമാണെന്ന് കരുതിയാണ് ഞാന്‍ പോയത്. എന്നാല്‍ അത് വലിയ സംഭവമല്ല, ആള്‍ക്കൂട്ടം മാത്രമാണെന്നും വിനീത് പറഞ്ഞിരുന്നു. 

Tags:    
News Summary - CK Vineeths reply to Mahakumbh mela controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.