പി.സി. ജോർജ് സ്ഥിരം വിദ്വേഷ പ്രചാരകൻ; ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പൗരപ്രമുഖർ

തിരുവനന്തപുരം: കേരള സമൂഹത്തെ നിരന്തരം വസ്തുതാ വിരുദ്ധമായ വിദ്വേഷ പ്രസ്താവനകൾ കൊണ്ട് മലീമസമാക്കുന്ന പി.സി. ജോർജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ കേരള സർക്കാർ അടിയന്തിരമായി തയ്യാറാകണ​മെന്ന് 70ഓളം പൗരപ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്‍ലിംകൾക്കെതിരെ നിരന്തരം ഭീകരമായ വർഗീയ വിഷം പുരട്ടിയ ആരോപണങ്ങൾ ഉന്നയിക്കുന്ന പി.സി ജോർജ് കേരളീയ സമൂഹത്തിലെ സ്ഥിരം വിദ്വേഷ പ്രചാരകനും വർഗീയ ലഹളയുടെ ആസൂത്രകനുമാണെന്നും ഇവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

‘കേരളത്തിൽ എല്ലാ മനുഷ്യരേയും കാർന്ന് തിന്നുന്ന മയക്കുമരുന്നിനെതിരെ ഭിന്നതകൾ എല്ലാം മറന്ന് ജനങ്ങൾ ഒന്നിക്കുന്ന കാഴ്ചയാണ് നാം ഏവരും കാണുന്നത്. എന്നാൽ അതിൽ പോലും വർഗീയ വിഷം കലർത്തി നുണ പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ വീണ്ടും ശ്രമിക്കുകയാണ് ബി ജെ പി നേതാവ് പിസി ജോർജ്. മുസ്‍ലിംകളുടെ പരിശുദ്ധ റമദാൻ മാസത്തിൽ മനപ്പൂർവം വർഗീയ ലഹള സൃഷ്ടിക്കാൻ യാതൊരു അടിസ്ഥാനമില്ലാത്ത ലൗ ജിഹാദ് നുണ വീണ്ടും പ്രചരിപ്പിക്കുകയാണ് പി.സി ജോർജ് . "മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികൾ ലൗജിഹാദിന് ഇരയായെന്നും 41 പേരെ മാത്രം വീണ്ടെടുത്തു "എന്നുമുള്ള ജോർജിന്റെ നുണ പ്രസ്താവന കേരള സമൂഹത്തിൽ ഭിന്നതയും വർഗീയ കലഹവും ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതാണ്. റമദാൻ മാസത്തിൽ ഉത്തരേന്ത്യയിൽ വർഗീയ ലഹളകൾ സൃഷ്ടിക്കുന്നത് സംഘപരിവാറിന്റെ സ്ഥിരം രീതിയാണ്. എന്നാൽ കേരളം ഇതിൽ നിന്നും വ്യത്യസ്തമായ ഒരു നാടാണ് എന്നതുകൊണ്ട് മാത്രം ഇവിടെ ഇത്തരം നുണകൾ പ്രചരിപ്പിച്ചുകൊണ്ട് പി.സി. ജോർജ് വർഗീയ ലഹളയ്ക്കുള്ള അടിത്തറ പാകുകയാണ്.

നിരന്തരം മുസ്‍ലിംകൾക്കെതിരെ ഭീകരമായ വർഗീയ വിഷം പുരട്ടിയ ആരോപണങ്ങൾ ഉന്നയിക്കുന്ന പി.സി. ജോർജ് കേരളീയ സമൂഹത്തിലെ സ്ഥിരം വിദ്വേഷ പ്രചാരകനും വർഗീയ ലഹളയുടെ ആസൂത്രകനുമാണ്. കേരള സമൂഹത്തെ നിരന്തരം വസ്തുതാ വിരുദ്ധമായ വിദ്വേഷ പ്രസ്താവനകൾ കൊണ്ട് മലീമസമാക്കുന്ന പി സി ജോർജ്ജിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറാകേണ്ട അടിയന്തിര സന്ദർഭമാണിതെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു ..’ -പ്രസ്താവനയിൽ പറഞ്ഞു.

കെ അജിത, സണ്ണി എം കപിക്കാട്, ഏലിയാമ്മ വിജയൻ, ഡോ രേഖ രാജ്, കാസിം ഇരിക്കൂർ, ഡോ ടി എസ്‌ ശ്യാം കുമാർ, അശോകൻ ചരുവിൽ, ഡോ സോണിയ ജോർജ്ജ്, കെ എ ബീന, ഡോ മാളവിക ബിന്നി, കെ ജെ ജേക്കബ്, സുജ സൂസൻ ജോർജ്ജ്, ഡോ വിനീത വിജയൻ, അഡ്വ പി എം ആതിര, ജി പി രാമചന്ദ്രൻ, ശീതൾ ശ്യാം, എം ഗീതാനന്ദൻ, ശ്രീജ നെയ്യാറ്റിൻകര, അമ്മിണി കെ വയനാട്, അപർണ സെൻ, ദിനു വെയിൽ, പി എസ്‌ റംഷാദ്, സിസ്റ്റർ ജെസ്മി, സുദേഷ് എം രഘു, എച്ച്മു കുട്ടി, ഷുക്കൂർ വക്കീൽ, സതി അങ്കമാലി, ഒ പി രവീന്ദ്രൻ, വി കെ ജോസഫ്, എം സുൽഫത്ത് , റെനി ഐലിൻ, അഡ്വ ജെ സന്ധ്യ, ജോളി ചിറയത്ത്, വിജു വർമ്മ, ബഷീർ മിസ്അബ്, അഡ്വ കെ നന്ദിനി, രതി ദേവി, പ്രഫ കുസുമം ജോസഫ്, ഗോമതി ഇടുക്കി, രാധിക വിശ്വനാഥൻ, ശരണ്യമോൾ കെ എസ്‌, തുളസീധരൻ പള്ളിക്കൽ, മുരളി തോന്നയ്ക്കൽ, എൻ സുബ്രമഹ്ണ്യൻ, സീറ്റ ദാസൻ, ലാലി പി എം, വർക്കല രാജ്, ഗോപാൽ മേനോൻ, ശരണ്യ എം ചാരു, സാബു കൊട്ടാരക്കര, രാഖി യു എസ്‌, എം കെ ദാസൻ, പ്രീത ജി പി, അമ്പിളി ഓമനക്കുട്ടൻ, പ്രശാന്ത് സുബ്രമഹ്ണ്യൻ, ഡോ സോയ ജോസഫ്, പ്രശാന്ത് ഈഴവൻ, ജലീൽ പുനലൂർ, തനൂജ ഭട്ടതിരി, മിനി ഐ ജി, ചൈതന്യ കെ, ശ്രീജിത പി വി, അഡ്വ ഭദ്രകുമാരി, ബിന്ദു തങ്കം കല്യാണി, അപർണ്ണ ശിവകാമി, വിപിൻ ദാസ് എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Tags:    
News Summary - civic leaders demand strong legal action against PC George hate preacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.