തെരുവിൽ വിൽപനക്കായി നിരത്തിയ ക്രിസ്മസ് പുൽക്കൂട്
ചാലക്കുടി: ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള പുൽക്കൂടിന്റെ തൽസമയ നിർമാണവും വിൽപനയും തെരുവിൽ സജീവം. പാലക്കാട് നിന്നും കോയമ്പത്തൂരിൽ നിന്നും സകുടുംബം എത്തിയ കരകൗശല തൊഴിലാളികളാണ് പുൽക്കൂട് നിർമാണത്തിൽ സജീവം. സൗത്തിലെ ഫ്ലൈ ഓവറിന് കീഴിലും ഗവ. ഹൈസ്കൂളിന് സമീപം സർവീസ് റോഡിന്റെ ഭാഗത്തും ട്രാംവെ റോഡിലും മറ്റുമാണ് ഇവർ തമ്പടിച്ചിരിക്കുന്നത്.
എല്ലാ വർഷവും ഡിസംബർ ഒന്നിന് ചാലക്കുടിയിലെത്തുന്ന ഇവർ 26 ന് തിരിച്ചു പോവുകയും പതിവ്. നിർമാണത്തിന് ആവശ്യമായ വൈക്കോൽ, മുള, നൂൽക്കമ്പി തുടങ്ങിയവ അവർ നാട്ടിൽ നിന്ന് തന്നെയാണ് കൊണ്ടുവരുന്നത്. ഇത്രയും ദിവസം ദേശീയ പാതയോരത്ത് ഷീറ്റുകൊണ്ട് മേഞ്ഞ താൽക്കാലിക സ്ഥലത്താണ് ഇവരുടെ താമസം. രാവും പകലും വീട്ടുകാർ എല്ലാവരും ഒത്തുചേർന്ന് വിശ്രമമില്ലാതെ കൂട് കെട്ടുകയാണ് ചെയ്യാറ്. മറ്റ് സീസണുകളിൽ തട്ടിക നിർമാണവും കുട്ടനെയ്ത്തുമൊക്കെയായാണ് ഇവർ ഉപജീവനം കഴിക്കുക.
മുളയും വയ്ക്കോലും ഉപയോഗിച്ച് പല വലുപ്പങ്ങളിൽ നിർമിക്കുന്ന കൂടിന് നൂറ് മുതൽ 350 രൂപ വരെയാണ് വില.
ക്രിസ്മസ് പുൽക്കൂടുകൾ സ്വയം നിർമിക്കാൻ പലർക്കും സമയമില്ലാത്തത് ഇവരുടെ കൂടുകൾക്ക് വിൽപന സാധ്യത വർധിപ്പിക്കുന്നു. പ്രകൃതി സൗഹൃദമായ ഈ കൂടുകൾ ആഘോഷ ശേഷം വിറകായി കത്തിക്കാമെന്നതിനാൽ മാലിന്യ ഭീഷണി സൃഷ്ടിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.