മനസ്സെണ്ണിയത് പരസ്യമായി; സണ്ണി ജോസഫ് പിന്തുണച്ചത് കെ.സിയെ

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസിൽ കനത്ത പോര് തുടരുന്നതിനിടെ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പിന്തുണ കെ.സി. വേണുഗോപാലിന്. തെരഞ്ഞെടുപ്പിൽ ജയിച്ച നിയുക്ത എം.എൽ.എമാരുടെ അഭിപ്രായമറിയാൻ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ എ.ഐ.സി.സി നിരീക്ഷകൻ മുകുൾ വാസ്നികിന്‍റെ കൈയിലുണ്ടായിരുന്ന ഫയലിന്‍റെ ചിത്രത്തിലാണ് സണ്ണിയടക്കം നേതാക്കളുടെ നിലപാട് വ്യക്തമാകുന്നത്. ഇക്കാര്യം അടിവരയിടുന്ന ഫോട്ടോ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പുറത്തുവിടുകയും ചെയ്തു.

സണ്ണി ജോസഫിന് പുറമെ സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), അഡ്വ. സജീവ് ജോസഫ് (ഇരിക്കൂർ), ടി.ഒ. മോഹനൻ (കണ്ണൂർ), ഉഷ വിജയൻ (മാനന്തവാടി), ടി. സിദ്ദീഖ് (കൽപ്പറ്റ) എന്നിവർ കെ.സിയുടെ പേര് നിർദേശിച്ചതായാണ് ചിത്രത്തിലുള്ളത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനെന്ന് കരുതപ്പെട്ട ഐ.സി. ബാലകൃഷ്ണൻ (ബത്തേരി) കെ.സി. വേണുഗോപാലിനൊപ്പാണ് ചെന്നിത്തലയെ പിന്തുണച്ചത്. മറ്റുള്ളവരുടെ പേരിന് നേരെയുള്ള കോളത്തിൽ ‘കെ.സി’ എന്നാണെങ്കിൽ ഐ.സി ബാലകൃഷ്ണന്‍റെ പേരിന് നേരെയുള്ള കോളത്തിൽ ‘കെ.സി+ആർ.സി’ എന്നാണുള്ളത്.

ഓരോ നിയുക്ത എം.എൽ.എക്കും ഒന്നാം പരിഗണന, രണ്ടാം പരിഗണന, മൂന്നാം പരിഗണന എന്നിങ്ങനെ മൂന്ന് കോളങ്ങൾ നൽകിയിരുന്നു. എന്നാൽ, സണ്ണി ജോസഫടക്കം രണ്ടും മൂന്നും കോളങ്ങൾ പൂർണമായും ഒഴിച്ചിട്ട് ഒന്നാം പരിഗണനയിൽ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. രണ്ടാമതായോ മൂന്നാമതായോ പോലും വി.ഡി. സതീശന്‍റെയോ രമേശ് ചെന്നിത്തലയുടെയോ പേര് നിർദേശിച്ചില്ലെന്നതാണ് കൗതുകകരം. ഐ.സി. ബാലകൃഷ്ണനാകട്ടെ, ഒന്നാം പരിഗണന കോളത്തിൽ തന്നെയാണ് രണ്ടു പേരുകളും നിർദേശിച്ചത്.

ജനവികാരം വി.ഡി. സതീശനൊപ്പമാണെന്നും അത് പരിഗണിക്കണമെന്നും ഘടകകക്ഷികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് കെ.പി.സി.സി ഉന്നത നേതൃത്വമടക്കം കെ.സി. വേണുഗോപാലിനുവേണ്ടി നിലകൊണ്ട വിവരം പുറത്തുവന്നത്. അതേസമയം, പുറത്തുവന്ന രേഖകൾ തള്ളി മുകുൾ വാസ്നിക് രംഗത്തെത്തി. അത് തെറ്റാണെന്നും യഥാർഥ രേഖയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ചിത്രം വിവാദമായതോടെ താൻ ഒരാളുടെയല്ല, മൂന്നുപേരുടെയും കാര്യങ്ങൾ പറഞ്ഞെന്ന വിശദീകരണുമായി കെ.പി.സി.സി പ്രസിഡന്‍റും രംഗത്തുവന്നു.

കെ.സി മുഖ്യമന്ത്രിയാകാൻ പരമയോഗ്യനെന്ന് ടി. പത്മനാഭൻ

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പരസ്യപിന്തുണയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് കെ.സി. വേണുഗോപാൽ. വാർത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ഒന്നാംസ്ഥാനം കൊടുക്കുക വേണുഗോപാലിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ മൂന്നുപേരാണുള്ളത്. രമേശ് ചെന്നിത്തലയായും വേണുഗോപാലുമായും അടുത്തബന്ധമുണ്ട്. വി.ഡി. സതീശനുമായി അത്ര അടുത്തബന്ധമില്ല. കെ.സിയുടെ കുടുംബമായും അടുത്തബന്ധമുണ്ട്. മൂന്നുപേരിൽ ഒന്നാംസ്ഥാനം കൊടുക്കുക കെ.സി. വേണുഗോപാലിനായിരിക്കും. എന്റെ നാട്ടുകാരനാണ് എന്നതുകൊണ്ടല്ല. വേണുഗോപാലിന്റെ അർഹത, അദ്ദേഹത്തിന്റെ ഗുണങ്ങൾകൊണ്ടാണ്’ -പത്മനാഭൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Chief Minister post debate: Sunny Joseph supported K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.