വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി; ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥന

തിരുവനന്തപുരം: സെപ്തംബര്‍ നാലിന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ അഭ്യർഥിച്ചു.

ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ഥന.

നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാനായിരുന്നു നേരത്തെ തിരുവനന്തപുരത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സംബന്ധിച്ച യോഗത്തിലായിരുന്നു തീരുമാനം. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രസ്തുത യോഗം ചേർന്നത്.

വള്ളംകളിക്ക് സ്പോൺസർമാരെ കണ്ടെത്തൽ, ടിക്കറ്റ് വിൽപന അടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്തിരുന്നു. ഇതിന്‍റെ ചുമതല നെഹ്റു ട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) കമ്മിറ്റിക്ക് നൽകി. 2019ൽ ടൂറിസം വകുപ്പ് മുഖേന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) കമ്പനിയാണ് വള്ളംകളി നടത്തിയത്. സ്പോൺസർമാരെ കണ്ടെത്തുന്നതടക്കമുള്ള കാര്യത്തിൽ സി.ബി.എൽ വലിയ വരുമാനനഷ്ടമുണ്ടാക്കിയെന്ന് കഴിഞ്ഞദിവസം ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ വിമർശനമുയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് എൻ.ടി.ബി.ആറിന് ചുമതല കൈമാറിയത്. പുന്നമടക്കായലിൽ സെപ്റ്റംബർ നാലിനാണ് ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി. നെഹ്റുട്രോഫി വള്ളംകളിക്കൊപ്പം ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യമത്സരവും നടക്കും. 2019 ആഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടന്നത്. കോവിഡ് വ്യാപനത്തിൽ 2020ലും 2021ലും മത്സരം നടന്നില്ല.

Tags:    
News Summary - Chief Minister Pinarayi Vijayan invited Amit Shah as chief guest for Nehru trophy boat race 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.