‘എന്തിനും അതിര് വേണം, അസംബന്ധം വിളിച്ചു പറയരുത്’; മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ സി.പി.എം നേതാവിനെ സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കടത്ത് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

വിഷയം സഭയിൽ അവതരിപ്പിച്ച മാത്യു കുഴൽനാടൻ ലഹരി മാഫിയയുമായുള്ള സി.പി.എം ബന്ധത്തെ കുറിച്ച് പരാമർശനം നടത്തിയതിന് പിന്നാലെയാണ് വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചത്. സി.പി.എമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ച് പറയാനുള്ള വേദിയല്ല നിയമസഭയെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് മാത്യു കുഴൽനാടൻ അവതരിപ്പിച്ച കാര്യങ്ങൾ. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്തുംവിളിച്ചു പറയുന്ന ഒരാളാണ് എന്നതു കൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ. ഇങ്ങനെയാണോ സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഇങ്ങനെയാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. എന്തിനും അതിരുവേണം. അത് ലംഘിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ താനാണ് വിഷയം അവതരിപ്പിക്കാൻ മാത്യു കുഴൽനാടനെ നിയോഗിച്ചതെന്ന് വ്യക്തമാക്കി. തികഞ്ഞ ഉത്തരവാദത്തോടെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഴൽനാടൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി വിഷയം അവതരിപ്പിച്ചതെന്നും സതീശൻ വ്യക്തമാക്കി.

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ പ്രതിയായ സി.പി.എം നേതാവിനെ രക്ഷപ്പെടുത്താൻ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. ലഹരിക്കടത്ത് കേസിൽ സി.പി.എം നേതാവ് ഷാനവാസിനെ സംരക്ഷിക്കുകയാണ്. സി.പി.എം നേതാക്കൾ പാർട്ടി പടികൾ കയറുന്നത് ലഹരി മാഫിയയുടെ പണം കൊണ്ടാണ്.

പാർട്ടി നേതാവിനെ സംരക്ഷിക്കാതെ മന്ത്രിക്ക് കസേരയിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഷാനവാസ് പ്രതിയാകും മുമ്പ് മന്ത്രി സജി ചെറിയാൻ എങ്ങനെ ക്ലീൻചിറ്റ് നൽകി. പ്രതിയെ രക്ഷിക്കാനുള്ള യജമാനന്‍റെ വെപ്രാളമാണിതെന്നും കുഴൽനാടൻ പറഞ്ഞു.

ലോറി പിടികൂടുന്നതിന് തലേദിവസം ഷാനവാസും കേസിലെ പ്രതിയായ ഇജാസും ഒരുമിച്ചുണ്ടായിരുന്നു. ലോറി വാടകക്ക് എടുത്തതെങ്കിൽ ഇരുവരും ഒരുമിച്ച് കഴിയേണ്ട കാര്യം എന്താണെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു. ലഹരി പിടികൂടിയ ശേഷമാണ് ലോറി കൈമാറിയത് സംബന്ധിച്ച കരാർ പഴയ തീയതിയിൽ തയാറാക്കിയത്.

സി.പി.എമ്മിന് ലഹരി മാഫിയയുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1999ലെ ഇ.കെ നായനാർ സർക്കാറിനെ പിടിച്ചു കുലുക്കിയ മണിച്ചൻ കേസും കുഴൽനാടൻ സഭയിൽ ഉന്നയിച്ചു. സി.പി.എം നേതാക്കളെ പർച്ചേസ് ചെയ്തിരുന്നുവെന്ന് സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും കുഴൽനാടൻ വ്യക്തമാക്കി.

Tags:    
News Summary - Chief Minister Pinarayi Vijayan angry with Mathew Kuzhalnadan arguments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.