തിരുവനന്തപുരം: നിലമ്പൂരിൽ പി.വി. അൻവറിന്റെ കാര്യം നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കറിവേപ്പില പോലെ അദ്ദേഹത്തെ എല്ലാവരും കളഞ്ഞല്ലോ. നിലമ്പൂരിലെ ഇടതുമുന്നണിയുടെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും.
പൊതുവെ, എല്ലായിടത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് ഞങ്ങൾ സ്ഥാനാർഥിയെ കൂടിയാലോചിച്ച് പ്രഖ്യാപിക്കാറ്. സ്ഥാനാർഥിയുടെ കാര്യത്തിൽ ആലോചന നടത്തിവരികയാണ്. ഉടൻ പ്രഖ്യാപിക്കും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് ഏതു തെരഞ്ഞെടുപ്പിലും സർക്കാറിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പി.വി. അൻവറിന്റേത് രാഷ്ട്രീയ വഞ്ചനയാണെന്നും ഇതിനെതിരെ നിലമ്പൂർ ജനത വിധിയെഴുതുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി . അൻവർ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വി.വി. പ്രകാശ് തോറ്റത് ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ്. ‘അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരുടെയും മനസ്സില്‍ എരിയുന്നു’ എന്നുള്ള പ്രകാശിന്റെ മകൾ നന്ദനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണെന്നും ‘ദേശാഭിമാനി’യിലെ ലേഖനത്തിൽ ഗോവിന്ദൻ നിലപാട് വ്യക്തമാക്കി.
യു.ഡി.എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനുപിന്നാലെ, ഷൗക്കത്തിനെതിരെ അൻവർ രംഗത്തുവന്നിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കിൽ എൽ.ഡി.എഫിലേക്ക് പോകാൻ സി.പി.എം നേതാക്കളുമായി ചർച്ച നടത്തിയ ആളാണ് ഷൗക്കത്ത് എന്നായിരുന്നു അൻവറിന്റെ വിമർശനം. ഇതിനെ ചൊല്ലിയുൾപ്പെടെ പോര് തുടരുന്നതിനിടെയാണ് യു.ഡി.എഫ് സ്ഥാനാർഥി നേരത്തെ തോറ്റതിന് കാരണം ഷൗക്കത്താണെന്ന ഗോവിന്ദന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.