തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയും വിവാദവും നാട്ടുകാർ കണ്ട് ആസ്വദിക്കുന്നുണ്ടെന്ന് കെ. മുരളീധരൻ. സാധാരണ ജനാധിപത്യ പ്രക്രിയയിലും കോൺഗ്രസ് രാഷ്ട്രീയത്തിലും ഇതൊക്കെ പതിവാണ്. ഇതിൽ പ്രത്യേകത ഒന്നുമില്ല. തീരുമാനം വന്നു കഴിഞ്ഞാൽ എല്ലാവരും ഒറ്റക്കെട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലക്സിന്റെ വലിപ്പം നോക്കിയിട്ടല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുക. അത് ചിട്ടവട്ടം അനുസരിച്ച് നടക്കും. എന്റെ അഭിപ്രായം പാർട്ടിയിൽ പറഞ്ഞിട്ടുണ്ട്. എന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുള്ള കാര്യമാണ് പറഞ്ഞത്. പാർട്ടി ആരെ തീരുമാനിച്ചാലും ഞാൻ അംഗീകരിക്കും. ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനം ഹൈകമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ. എന്ത് തീരുമാനം എടുത്താലും ഞാൻ അംഗീകരിക്കും. ഹൈകമാൻഡിന് ഒരു ഓപ്പൺ മൈൻഡ് ആണുള്ളത്. തീരുമാനം വരട്ടെ. ഫൈനൽ ഡിസിഷൻ വന്നതിനുശേഷം ഞാൻ എന്താണ് പറഞ്ഞത് എന്ന് നിങ്ങളോട് പറയും. ഞാൻ ഉദ്ദേശിച്ച ആളല്ല വന്നതെങ്കിൽ പോലും ഞാൻ ആരെ പിന്നണച്ചു എന്ന് പറയുന്നതിൽ എനിക്ക് യാതൊരു മടിയില്ല. പക്ഷേ, ഇപ്പോൾ അത് പറയേണ്ട നേരമല്ല.
മുഖ്യമന്ത്രി ചർച്ചയിൽ നാട്ടുകാർക്ക് ഒരു കുഴപ്പവുമില്ല. ട്രാഫിക് ബ്ലോക്കും വരുന്നില്ല. ഇന്നലെ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തിൽ പുറത്ത് ആൾക്കാർ ആകാംക്ഷയോട് കൂടെ വന്നതിനാൽ ചെറിയ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. ഇതൊഴിച്ചാൽ മറ്റു ബ്ലോക്കുകൾ ഒന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ തവണ മേയ് ആദ്യവാരത്തിൽ റിസൾട്ട് വന്നെങ്കിലും മൂന്നാം വാരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. റിസൾട്ട് വന്നശേഷം മേയ് 23 വരെ അന്ന് കാത്തിരുന്നു എന്നാണ് ഓർമ്മ. ഇതിപ്പോ നാലാം തീയതി റിസൾട്ട് വന്നു. ഇന്ന് തീയതി എട്ടായിട്ടേ ഉള്ളൂ. അത്ര തിരക്ക് വേണ്ട. ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് 23 വരെ കാലാവധി ഉണ്ടല്ലോ. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാവും, സംശയമൊന്നുമില്ല. ഞായറാഴ്ച പ്രഖ്യാപനം വരും. അതിനപ്പുറം നീണ്ടുപോകില്ല.
ഇത് ജനാധിപത്യ പ്രക്രിയയാണ്. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ കൊണ്ട് തീരുമാനിക്കേണ്ട കാര്യമല്ല. 63 കോൺഗ്രസ് എംഎൽഎമാരുണ്ട്. അവരുടെ അഭിപ്രായം അറിയണം. അതോടൊപ്പം തന്നെ ഘടകക്ഷികളുമായും ചർച്ച ചെയ്യണം. ഇന്നലെ ഇതൊക്കെ കഴിഞ്ഞിട്ടുണ്ട്. ചർച്ചയൊക്കെ കഴിഞ്ഞു -കെ. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.