കൊല്ലം: സി.പി.എം ലോക്കൽ സെക്രട്ടറിയുടെ പേരിൽ ഇല്ലാത്ത കേസ് ഉണ്ടെന്ന് നിയമസഭയിൽ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് മർദനമേറ്റെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരാതി പറഞ്ഞ സി.പി.എം നെടുമ്പന ലോക്കൽ സെക്രട്ടറി സജീവിന്റെ പേരിൽ ഇതേ സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് കേസുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്.
എന്നാൽ, മുഖ്യമന്ത്രി പറഞ്ഞ ക്രൈംനമ്പറിൽ സജീവ് എന്നയാൾക്കെതിരെ കേസില്ലെന്ന് എഫ്.ഐ.ആർ രേഖകൾ വ്യക്തമാക്കുന്നു. ലഹരിക്കടിമയായി പുലിയില ജങ്ഷനിൽ വെച്ച് അസഭ്യം പറഞ്ഞതിന് വിനോദ് എന്നയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ് സജീവിന്റെ പേരിലാക്കി മുഖ്യമന്ത്രി സഭയിൽ വായിച്ചത്.
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് മർദനങ്ങൾ സംബന്ധിച്ച് നിയമസഭയിൽ കൊണ്ടും കൊടുത്തും ഭരണ-പ്രതിപക്ഷ അംഗങ്ങൾ. ഒമ്പത് വർഷത്തെ പിണറായി സർക്കാർ ഭരണത്തിനിടെ 17 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നും എന്ത് വൃത്തികേട് ചെയ്താലും സംരക്ഷിക്കപ്പെടുമെന്ന നിലയാണുള്ളതെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച റോജി എം. ജോൺ പറഞ്ഞു. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് എല്ലാത്തിനെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് സേനയെ ക്രിമിനല്കൂട്ടമാക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏറ്റെടുക്കണം. അല്ലെങ്കില്‍ ആഭ്യന്തര വകുപ്പിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചെന്ന ഖ്യാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കാകുമെന്നും റോജി പരിഹസിച്ചു.
കോൺഗ്രസ് ഭരിച്ച അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത പലരുടെയും ശവശരീരം പോലും കിട്ടിയിട്ടില്ലെന്നും അക്കാലത്തെ പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കാനാണ് കെ. കരുണാകരന്റേതടക്കമുള്ള കോൺഗ്രസ് സർക്കാറുകൾ ശ്രമിച്ചതെന്നും കെ.പി. കുഞ്ഞഹമ്മദുകുട്ടി തിരിച്ചടിച്ചു. നക്സൽ വർഗീസിനെ വെടിവെച്ച് കൊന്ന ഐ.ജി. ലക്ഷ്മണയെപ്പോലുള്ള പുഴുക്കുത്തുകളെ സംരക്ഷിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അവരാണ് പിണറായി വിജയനെ പഠിപ്പിക്കാൻ വരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വല്ലവന്റെയും മക്കളെ മൃഗീയമായി തല്ലിച്ചതച്ചിട്ട് നാണമില്ലാതെ ഭരണപക്ഷം ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തോര്‍ത്തില്‍ കരിക്ക് കെട്ടിയാണ് അന്തിക്കാട്ട് യുവാവിനെ ഇടിച്ചത്. പാവപ്പെട്ട സാധാരണക്കാരെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുമ്പോള്‍ ടി.പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്ന ക്രിമിനലുകളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊണ്ടുപോയി പൊലീസ് സല്ക്കരിക്കുകയാണെന്നും സതീശന് പറഞ്ഞു.
ജനമൈത്രി സ്റ്റേഷനുകൾ കൊലമൈത്രി സ്റ്റേഷനുകളായെന്ന് കെ.കെ. രമ ആരോപിച്ചു. പൊലീസിന്റെ മനോവീര്യത്തേക്കാൾ പ്രധാനമാണ് സാധാരണക്കാരന്റെ അന്തസ്സും അഭിമാനവുമെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. സാധാരണക്കാരന് ന്യായം ലഭിക്കാത്ത പൊലീസ് കംപ്ലയിന്റ് അതോറിറ്റി പിരിച്ചുവിടണമെന്ന് അനൂപ് എം. ജേക്കബ് ആവശ്യപ്പെട്ടു.
നിയമം കൈയിലെടുക്കുന്നവരെ നിയന്ത്രിക്കാനും ക്രമസമാധാനം സംരക്ഷിക്കാനും സ്വാഭാവികമായും പൊലീസിന് ബലംപ്രയോഗിക്കേണ്ടിവരുമെന്നും അത് ജനങ്ങൾക്ക് വേണ്ടിയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കസ്റ്റഡി മർദനം സർക്കാരും എൽ.ഡി.എഫും അംഗീകരിക്കില്ല. അത്തരം ക്രിമിനലുകളെ സേനയിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് കേരളത്തിൽ വർഗീയ ലഹളകളും കലാപവും പൊട്ടിപ്പുറപ്പെട്ടതെന്നും നിരപരാധികളെ വെടിവെച്ച് കൊന്നതെന്നും ഇ. ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് വേണ്ടി താൽപര്യപൂർവം ഇടപെടുന്ന പൊലീസുകാരാണ് സേനയിൽ മഹാഭൂരിപക്ഷമെന്നും താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിനെ മറ്റ് രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.