ആലുവ: കേരളത്തിലും കോഴികർഷകർ സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കോഴിവില വീണ്ടും ഉയർന്നേക്കും. കോഴി വളർത്തലിനെ കൃഷിയായി അംഗീകരിക്കണമെന്നും കോഴി കർഷകരോടുള്ള ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷനാണ് (കെ.പി.എഫ്.എ) പൗൾട്രി ഫാമുകൾ അടച്ചിടാൻ ഒരുങ്ങുന്നത്. ആലുവയിൽ നടന്ന കെ.പി.എഫ്.എയുടെ സംസ്ഥാന നേതൃക്യാമ്പാണ് പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചത്.
കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷന്റെ (കെ.പി.എഫ്.എ) സംസ്ഥാന നേതൃക്യാമ്പ് ആലുവയിൽ നടന്നു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഹുസൈൻ വടക്കൻ അധ്യക്ഷത വഹിച്ചു. ഡോ. നൗഷാദ് അലി, ഡോ. സുധി, ഡോ. രജീഷ്, ഡോ. റാണ എന്നിവർ ക്ലാസെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഖാദർ അലി വറ്റലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ. ഉമ്മർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ സെയ്തു മണലായ, തമ്പി എറണാകുളം, ഷബീർ പുളിങ്കാവ്, സജീവൻ പെരുമ്പാവൂർ, എൽദോസ് എറണാകുളം, ലത്തീഫ് മണ്ണാർമല, ബിജുപാൽ തൃശൂർ, രവി പാലക്കാട്, മുഹമ്മദ് അലി നാലകത്ത്, മറിയക്കുട്ടി കോഴിക്കോട് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഉമ്മർ ഹാജി സ്വാഗതവും കൺവീനർ സലിം മാസ്റ്റർ നന്ദിയും പറഞ്ഞു. എ.കെ.എം. അഷ്റഫ് എം.എൽ.എ പ്രസിഡൻറും ഖാദറലി ജനറൽ സെക്രട്ടറിയുമായി പുതിയ സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചു. കോഴിവളർത്തൽ കൃഷിയായി അംഗീകരിക്കുക, ലൈസൻസിങ് സമ്പ്രദായം ലഘൂകരിക്കുക, കോഴിഫാമുകളുടെ നികുതിഭാരം കുറക്കുക, അസംസ്കൃത വസ്തുക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക, കോഴിയിറച്ചിക്ക് താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംസ്ഥാന നേതൃക്യാമ്പ് ഉന്നയിച്ചു.
കൊച്ചി: പാലിന്റെ സംഭരണവില ഉയർത്തുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾക്ക് അനുകൂല തീരുമാനം ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് 21ന് രാവിലെ 10ന് കൊല്ലം ആശ്രാമം മൈതാനത്ത് ക്ഷീരകർഷകരുടെ യോഗവും പ്രതിഷേധപ്രകടനവും ധർണയും നടത്തുമെന്ന് ക്ഷീര കർഷക സംഘടനകളുടെ സമരസമിതി കൺവീനർ ബിജു വട്ടമുകളേൽ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പാലിന്റെ സംഭരണവില വർധിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയ ക്ഷീരമന്ത്രി ഇപ്പോൾ വാക്കിന് വില കൽപിക്കുന്നില്ലെന്നും ബിജു ആരോപിച്ചു. ഉൽപാദനച്ചെലവ് 60 രൂപക്ക് മുകളിലാണെന്നിരിക്കെ സൊസൈറ്റിയിൽനിന്ന് പാൽ ലിറ്ററിന് 42 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം വലിയതോതിൽ ക്ഷീരകർഷകർ മേഖലയിൽനിന്ന് കൊഴിഞ്ഞുപോവുകയാണ്. മാന്യമായ സംഭരണവില ലഭിക്കുന്നതിന് നടപടിയെടുക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.