മംഗളൂരു കസ്തൂർബ മെഡിക്കൽ കോളജ് ആശുപത്രി അനക്സ് സമുച്ചയത്തിെൻറ ഏഴാം നിലയിൽ എട്ടാം നമ്പർ തീവ്രപരിചരണ മുറി അക്ഷരാർഥത്തിൽ സ്നേഹതീരമായിരുന്നു ചെർക്കളം അബ്ദുല്ലക്ക്. ശീതീകൃത സൗകര്യങ്ങളേക്കാൾ ഇണയും മക്കളും മരുമക്കളും പേരക്കുട്ടികളും പകർന്ന സ്നേഹത്തിെൻറ ശീതക്കാറ്റായിരുന്നു അവിടെ. ഹരിത ഭൂമികയിൽ ശുഭ്രസാന്നിധ്യമായി പ്രതിസന്ധികളോട് പൊരുതിയ പുരുഷായുസ്സിെൻറ അസ്തമയം ചക്രവാളത്തിൽ അദ്ദേഹം ദർശിക്കുകയായിരുന്നുവെന്ന് ചുണ്ടിെൻറ ചലനങ്ങളും മൊഴികളും സാക്ഷ്യപ്പെടുത്തി.
വെള്ളം തൊട്ടുകൊടുക്കുന്നത് വിലക്കി ഡോക്ടർ പുറത്തുപോയപ്പോൾ ഒക്സിജൻ മാസ്കിന് ചുവടെ ചുണ്ടുകൾ മൊഴിഞ്ഞു ‘‘ഓനറിയില്ല, എന്ത് വെള്ളമാണീ തരുന്നതെന്ന്. കലിമ ചൊല്ലിത്തരിൻ, ഓതി ഊതിത്തരിൻ’’... മകൾ മുംതാസ് സമീറയുടെ കണ്ണുകളിൽനിന്ന് സ്നേഹത്തിെൻറ മുത്തുമണികൾ തൂവെള്ള വിരിപ്പിൽ വീണ് ചിതറി. വൃക്കകളിൽ ജലം അരിച്ചിറങ്ങുന്നത് ഒഴിവാക്കാനുള്ള നിർദേശമായിരുന്നു ഡോക്ടർ നൽകിയത്. മസ്കത്തിൽനിന്ന് മകൻ നാസർ കൂടി എത്തിയതോടെ സമ്പൂർണ കുടുംബത്തിന് നടുവിലായിരുന്നു അബ്ദുല്ല.
അഞ്ചാമതെത്തിയ മരണത്തിെൻറ മാലാഖ
മരണവൃത്താന്തം ക്രൂരവിനോദമായി നാലുതവണ കയറിയിറങ്ങിയപ്പോഴും അക്ഷോഭ്യനായിരുന്നു അദ്ദേഹം. 2001ൽ അധികാരമേറ്റ എ.കെ. ആൻറണി മന്ത്രിസഭയിൽ അംഗമായിരിക്കെയായിരുന്നു ചെർക്കളത്തിെൻറ ആദ്യ ‘മരണം’. ബംഗളൂരുവിൽ ഹൃദയം തുറന്ന ശസ്ത്രക്രിയ കഴിഞ്ഞതിനെത്തുടർന്നായിരുന്നു അത്. സമൂഹ മാധ്യമങ്ങളില്ലാത്ത കാലമായിട്ടും വലിയ പ്രചാരം ലഭിച്ചു അതിന്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറഞ്ഞ 10 വർഷ വാറണ്ടി കഴിഞ്ഞതോടെ അടുത്ത മരണവൃത്താന്തം പരന്നു. വീണ്ടും ഒന്നുണ്ടായി. നാലാം ചരമം നവമാധ്യമങ്ങളിലൂടെ അതിരുകൾ കടന്നുപോയത് ഈയിടെയായിരുന്നു. അന്നാളിൽ കണ്ടുമുട്ടിയ വേളയിൽ ചെർക്കളം തെൻറ മരണം ആസ്വദിച്ച നിമിഷങ്ങൾ പങ്കുവെച്ചു.
ഒരു സുബഹി നമസ്കാരം കഴിഞ്ഞപ്പോൾ കണ്ട കാഴ്ച, അടുത്ത സുഹൃത്തായ കരാറുകാരെൻറ കാർ ചെർക്കള ബദിയടുക്ക റോഡിലെ വീട്ടുമുറ്റത്തോളം വന്ന് തിരിച്ചുപോവുന്നതാണ്. തിരക്കാവും മുമ്പ് മയ്യിത്ത് കാണാമെന്ന് കരുതി വന്ന അയാൾ അമളി മനസ്സിലാക്കി മടങ്ങുകയായിരുന്നുവെന്ന് പിന്നീട് അറിഞ്ഞെന്ന് പറഞ്ഞ് ചെർക്കളം ചിരിച്ചു. കണ്ണൂരിൽനിന്ന് ടെമ്പോ ട്രാവലറിൽ ചെർക്കളയിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകർ വാർത്ത ശരിയല്ലെന്നറിഞ്ഞ് പൊയിനാച്ചിയിൽനിന്ന് ഫാസ്റ്റ്ഫുഡ് കഴിച്ച് മടങ്ങി.
വിവാദങ്ങളുടെ മന്ത്രിക്കാലം
മന്ത്രിസ്ഥാനം ചെർക്കളത്തിനും മുസ്ലിം ലീഗിനും വിവാദങ്ങളുടെ നാളുകളായിരുന്നു. മന്ത്രി ചെർക്കളത്തെ ആനയിച്ച് ചെറുവത്തൂരിൽനിന്ന് ആരംഭിച്ച ഘോഷയാത്രക്കു നേരെ സി.പി.എം നടത്തിയ ആക്രമണം കലാപമായി പടർന്നു. ജില്ല പൊലീസിെൻറ വിലക്കുകൾ മറികടന്നായിരുന്നു മന്ത്രിയുെടയും പാർട്ടിയുെടയും ആവേശം. ഒരു ഡിവൈ.എസ്.പി നടത്തിയ ത്യാഗപൂർണ-തന്ത്രപര ഇടപെടലിലൂടെയാണ് മന്ത്രിയെ ജീവനോടെ കാഞ്ഞങ്ങാട് െറസ്റ്റ്ഹൗസിൽ എത്തിച്ചത്. സംഭവത്തിൽ ജില്ല പൊലീസ് പ്രതിക്കൂട്ടിലായി. അന്നത്തെ ജില്ല പൊലീസ് സൂപ്രണ്ട് എസ്. ശ്രീജിത് ഗതാഗതക്കുരുക്കിൽപ്പെട്ട് നിശ്ചലനായി. ഇതിന് മന്ത്രി അദ്ദേഹത്തോട് കയർക്കുകയും ചെയ്തു. ജില്ലയിലെ പൊലീസിന് കൈമാറുന്ന എല്ലാ സന്ദേശങ്ങളും മന്ത്രിയും വയർലെസിലൂടെ കേൾക്കുമായിരുന്നു.
പാർട്ടിയുടെ ബലം
തീവ്രപരിചരണ വിഭാഗത്തിൽ രാത്രി 11 കഴിഞ്ഞ നേരത്താണ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് സംസ്ഥാന ഖജാൻജിയെ സന്ദർശിക്കാൻ എത്തിയത്. അന്നേരം മനസ്സിൽ കയറിവന്നത് ‘‘പൊന്നുപീടികയുടെ സഞ്ചിയുമായാണല്ലോ വരവ്’’ എന്ന ചോദ്യമാണ്. സംസ്ഥാന ജനറൽ സെക്രട്ടറിയോട് അങ്ങനെ ആരായാൻ ചെർക്കളം അബ്ദുല്ലക്കല്ലാതെ ഏത് പാർട്ടി ജില്ല പ്രസിഡൻറിനാണ് സാധിക്കുക?. ജില്ല ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീെൻറ ജ്വല്ലറിയുടെ ബാഗായിരുന്നു മജീദിെൻറ കൈയിലുണ്ടായിരുന്നത്.
കാസർക്കോട് ജില്ലയിലെ പാർട്ടിയുടെ ബലമാണ് മലപ്പുറം ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള കരുത്തെന്ന് ചെർക്കളം പറയുമായിരുന്നു. മലപ്പുറത്തെ മുസ്ലിംകളിൽ 65 ശതമാനത്തോളമേയുള്ളൂ മുസ്ലിം ലീഗിൽ. കാസർകോട്ട് 95നും100നും ഇടയിൽ ശതമാനം ലീഗിലാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.