തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ് നിയമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തില്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പാക്കുന്നതിന് വേണ്ടി കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ രമേശ് ചെന്നിത്തല നിയമ യുദ്ധം നടത്തിയിരുന്നു. സൗമ്യാ വധം, ചലച്ചിത്ര നടിയ്ക്ക് എതിരായ അതിക്രമം തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സുരേശനെ നിയമസഭാ കയ്യാങ്കളിക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചു.
നീതി നിര്‍വഹണത്തിനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കൂട്ടു നിന്ന അതെ പ്രോസിക്യൂട്ടറോ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാല്‍ അത് പ്രഹസനമായി മാറുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.