നാവിലിന്നും അപ്പത്തി​െൻറയും ഇറച്ചികറിയുടേയും രുചി; ക്രിസ്തുവിനെ സ്നേഹിച്ചത് അയൽവീട്ടുകാരുടെ സ്നേഹത്തിലൂടെ

കോഴിക്കോട്​: കേരളം ക്രിസ്​മസ്​ ആഘോഷിക്കു​േമ്പാൾ ഹൃദയ സ്പർശിയായ കുറിപ്പുമായി പ്രതിപക്ഷ നേതാവ്​ രമേശ്‌ ചെന്നിത്തല. ആൾക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്തുമസ് കടന്നുപോകുന്നു. പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്രിസ്തുമസ് രാവും പുലരിയുമെല്ലാമെന്നും അദ്ദേഹം ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ചെന്നിത്തലയിലെ മായര വീട്ടുകാരിലൂടെയാണ് യേശുവി​െൻറ സ്നേഹം ഞാൻ ആദ്യമായി അറിഞ്ഞത്. ക്രിസ്തുമസ് ഓർമ്മകൾ തുടങ്ങുന്നത് ചെന്നിത്തല വീടി​െൻറ അയൽക്കാരായ ഈ വീട്ടിൽ നിന്നാണ്​. ക്രിസ്തുമസ് ചരിത്രവും ബൈബിൾ കഥകളുമെല്ലാം ഇവിടെ നിന്നാണ് കേട്ട് തുടങ്ങുന്നത്. ക്രിസ്തുമസും ഈസ്റ്ററുമെല്ലാം രാവിലെ ഈ വീട്ടിലാണ് ആരംഭിക്കുന്നത്.

മായര വീട്ടിലെ പുതുതലമുറയിലെ നോബിളച്ചൻ ഉൾപ്പെടെയുള്ളവർ ഇന്നും ഒരേ കുടുംബമായിട്ടാണ് കരുതുന്നത്. നോബിളച്ചനെ വിളിച്ചു ഇന്ന് ക്രിസ്തുമസ് നേരുമ്പോൾ വെള്ളയപ്പത്തി​െൻറയും ഇറച്ചിക്കറിയുടെയും രുചിയും നാവിലെത്തി. നിന്നെ പോലെ നി​െൻറ അയൽക്കാരനെയും സ്നേഹിക്കുക എന്ന വലിയ ഇടയ​െൻറ പാഠങ്ങൾ പഠിപ്പിച്ച ഈ വീട്ടുകാരാണ് എനിക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി നൽകിയതെന്നും ചെന്നിത്തല കുറിച്ചു.

ചെന്നിത്തലയുടെ ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂർണ്ണരൂപം

ആൾക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്തുമസ് കടന്നുപോകുന്നു. പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്രിസ്തുമസ് രാവും പുലരിയുമെല്ലാം. ആൾക്കൂട്ടത്തിനും ആഘോഷത്തിനും നടുവിൽ അല്ലാത്ത ആദ്യ ക്രിസ്തുമസ്.
ചെന്നിത്തലയിലെ മായര വീട്ടുകാരിലൂടെയാണ് യേശുവി​െൻറ സ്നേഹം ഞാൻ ആദ്യമായി അറിഞ്ഞത്.
ക്രിസ്തുമസ് ഓർമ്മകൾ തുടങ്ങുന്നത് ചെന്നിത്തല വീടി​െൻറ അയൽക്കാരായ ഈ വീട്ടിൽ നിന്നാണ്.
മായരയിലെ ഡാനിയേൽ അച്ചായ​െൻറ വീട്ടിൽ നിന്നാണ് ക്രിസ്തുമസ് ദിനത്തിലെ ഞങ്ങളുടെ പ്രഭാത ഭക്ഷണം.
ഈ കുടുംബത്തിലെ വല്യപ്പച്ചനായ മായര യോഹന്നാൻ ഡാനിയേൽ കലാപോഷിണി വായനശാലയുടെ ലൈബ്രേറിയൻ കൂടിയായിരുന്നു. സ്കൂൾ വിദ്യാർത്ഥി ആയിരുന്ന എനിക്ക്, വായിക്കാനുള്ള പുസ്തകം ഈ ലൈബ്രേറിയൻ എന്നും മാറ്റിവയ്ക്കുക പതിവാണ്. വലിയവർക്ക് മാത്രമുള്ള അന്നത്തെ ലൈബ്രറി കുട്ടികൾക്കും മലർക്കേ തുറന്നിട്ടത് ഈ ലൈബ്രേറിയൻ ആയിരുന്നു. ഈ കുടുംബത്തിലെ പല അംഗങ്ങളും അധ്യാപകൻ കൂടിയായിരുന്ന അച്ഛ​െൻറ ശിഷ്യർ ആയിരുന്നതിനാൽ സ്നേഹത്തി​െൻറ ആഴം വളരെ വലുതായിരുന്നു.
ക്രിസ്തുമസ് ദിനത്തിൽ ചെന്നിത്തല ചെറിയ പള്ളിയിൽ പാതിരാകുർബാനയും കഴിഞ്ഞാണ് മായരക്കാർ വീട്ടിലെത്തുന്നത്. ഓശാന ഞായറിനു പ്രദക്ഷിണം കഴിഞ്ഞു സൂക്ഷിച്ചുവയ്ക്കുന്ന കുരുത്തോല ക്രിസ്തുമസ് രാത്രിയിൽ പള്ളിയുടെ പിന്നിൽ കൂട്ടുന്ന അഗ്നിജ്വാലയിൽ കത്തിച്ച ശേഷമായിരിക്കും തിരിച്ചുവരവ്.
ക്രിസ്തുമസ് ചരിത്രവും ബൈബിൾ കഥകളുമെല്ലാം ഇവിടെ നിന്നാണ് കേട്ട് തുടങ്ങുന്നത്.
ക്രിസ്തുമസും ഈസ്റ്ററുമെല്ലാം രാവിലെ ഈ വീട്ടിലാണ് ആരംഭിക്കുന്നത്.
ക്രിസ്തുമസിന് കാർഡ് കൈമാറലും കേക്ക് മുറിക്കലുമൊക്കെ എത്രയോ കാലം പിന്നിട്ട ശേഷം എത്തിയ ആചാരമാണ്. ക്രിസ്തുമസ്, ക്രിസ്തുമത വിശ്വാസികളുടെ മാത്രം ആഘോഷമായി ഇതുവരെ തോന്നിയിട്ടില്ല. റാഹേലമ്മയുടെയും ഡാനിയേൽ അച്ചായ​െൻറയും സ്നേഹം കിട്ടി വളർന്നത് കൊണ്ടായിരിക്കാം കുട്ടിക്കാലം മുതൽക്കേ യേശു ക്രിസ്തുവിനെ എ​െൻറ ദൈവങ്ങളുടെ പട്ടികയിൽ അന്നും ഇന്നും ഉൾപ്പെടുത്തിയിരിക്കുന്നത്.
മായര വീട്ടിലെ പുതുതലമുറയിലെ നോബിളച്ചൻ ഉൾപ്പെടെയുള്ളവർ ഇന്നും ഒരേ കുടുംബമായിട്ടാണ് കരുതുന്നത്.
നോബിളച്ചനെ വിളിച്ചു ഇന്ന് ക്രിസ്തുമസ് നേരുമ്പോൾ വെള്ളയപ്പത്തി​െൻറയും ഇറച്ചിക്കറിയുടെയും രുചിയും നാവിലെത്തി. നിന്നെ പോലെ നി​െൻറ അയൽക്കാരനെയും സ്നേഹിക്കുക എന്ന വലിയ ഇടയ​െൻറ പാഠങ്ങൾ പഠിപ്പിച്ച ഈ വീട്ടുകാരാണ് എനിക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി നൽകിയത്. വിശ്വാസികളിലൂടെ യേശുവിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.
ലോകത്തി​െൻറ രക്ഷകൻ ജനിച്ച ഈ ദിവസം അകലത്തിലിരുന്നു ആശംസകൾ അറിയിച്ചു നാമിന്ന് ആഘോഷിക്കുകയാണ്. പ്രാർത്ഥനയും വായനയുമൊക്കെ ആയിട്ടാണ് എ​െൻറയും ക്വാറ​ൈൻറൻ കാലം. ക്ഷേമന്വേഷണവും ആശംസകളുമായി നിരവധി പേർ വിളിക്കുന്നുണ്ട്. എല്ലാ നല്ല വാക്കുകൾക്കും നന്ദി.
യേശുദേവ​െൻറ വാക്കുകൾ ജീവിതത്തിൽ പ്രകാശമായി നമ്മെ നയിക്കട്ടെ..

ആൾക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്തുമസ് കടന്നുപോകുന്നു. പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു...

Posted by Ramesh Chennithala on Friday, 25 December 2020
Tags:    
News Summary - chennithala shares christmas memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.