തപാൽ വോട്ടിലും ഇരട്ടിപ്പെന്ന് ചെന്നിത്തല; തെരഞ്ഞെടുപ്പ് കമീഷന് അഞ്ച് നിർദേശങ്ങൾ കൈമാറി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടിലും വ്യാപക തിരിമറി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരിമറി തടയാൻ തെരഞ്ഞെടുപ്പ് കമീഷൻ ശ്രമിച്ചില്ല. മൂന്നര ലക്ഷം ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിലെ ഇരട്ടിപ്പ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമായേക്കാമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് ഓഫീസിലും വീട്ടിലെ വിലാസത്തിലും വീണ്ടും തപാൽ ബാലറ്റുകൾ വരുന്നുണ്ട്. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട്് ചെയ്തവരെ വോട്ടർപട്ടികയിൽ രേഖപ്പെടുത്തി ഒഴിവാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടായി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ ആശങ്ക അറിയിച്ചെന്നും അഞ്ച് നിർദേശങ്ങൾ ഉൾപ്പെടുത്തിയ പരാതി കൈമാറി‍യെന്നും ചെന്നിത്തല പറഞ്ഞു.

തപാൽ വോട്ടിലെ ഇരട്ടിപ്പ് ഉടൻ കണ്ടെത്തണം. ഉദ്യോഗസ്ഥർ രണ്ടാമത് ചെയ്ത തപാൽ വോട്ടുകൾ എണ്ണരുതെന്ന് നിർദേശിക്കണം. പോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് പോസ്റ്റൽ ബാലറ്റ് അയക്കുന്നതിന് മുൻപ് അവർ നേരത്തെ വോട്ട് ചെയ്തില്ലെന്ന് ഉറപ്പാക്കണം. പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് വീണ്ടും തപാൽ വോട്ട് അയച്ചു കൊടുത്ത ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണം. എത്ര ബാലറ്റ് യൂണിറ്റ് പ്രിന്‍റ് ചെയ്തെന്നും ബാക്കി എത്രയെന്ന കണക്കും പുറത്തുവിടണം. 80 വയസ് കഴിഞ്ഞവരുടെ വോട്ടുകൾ വീട്ടിലെത്തി ശേഖരിക്കുന്ന വിഷയത്തിലും പരാതിയുണ്ടെന്നും നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

വോട്ടുകൾ സീൽ ചെയ്യാതെ ക്യാരി ബാഗുകളിലാണ് സൂക്ഷിച്ചത്. ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗപ്പെടുത്തി. വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

Tags:    
News Summary - Chennithala doubles postal vote; Five recommendations were handed over to the Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.