'പിണറായി സർക്കാർ രചിച്ചത് നാണക്കേടിന്‍റെയും ജനവഞ്ചനയുടെയും പുതുചരിത്രം'

തിരുവനന്തപുരം: പ്രളയദുരിതത്തിൽ സർവ്വവും നഷ്ടപ്പെട്ട പാവങ്ങൾക്കു വീട് വെക്കാൻ ലഭിച്ച 20 കോടിയിൽ 9 കോടിയും കൈക്കൂലിയാക്കി എന്ന നെറികേടാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വിശ്വസ്തനും, മനസാക്ഷി സൂക്ഷിപ്പുകാരനുമായ ശിവശങ്കരനും, സ്വപ്ന സുരേഷും ആസൂത്രണം ചെയ്ത അഴിമതിയിൽ പിണറായി മന്ത്രി സഭയിലെ പല ഉന്നതരും ഗുണഭോക്താക്കളാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യസുരക്ഷയേയും, നയതന്ത്ര ബന്ധങ്ങളേയും സ്വാധീനിക്കാൻ കഴിയുന്ന എഫ്.സി.ആർ.എ നിയമത്തിന്‍റെ ഗുരുതര ലംഘനം നടത്തിയെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം കേസുകൾ അന്വേഷിക്കാൻ എഫ്.സി.ആർ.എ നിയമം സി.ബി.ഐയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇത്തരം കേസുകൾ അന്വേഷിക്കാൻ 2017ൽ സി.ബി.ഐക്ക് മുൻ‌കൂർ അനുമതി നൽകിയിട്ടുണ്ട്. പക്ഷെ ലൈഫ് മിഷൻ കേസിൽ അന്വേഷണം നീളുന്നത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരിലേക്കാണ് എന്ന് വ്യക്തമായപ്പോൾ സി.ബി.ഐക്ക് കേസ് അന്വേഷണം നടത്താൻ നൽകിയ അനുമതിക്കെതിരെ ഹൈക്കോടതി കയറി നാണക്കേടിന്‍റെയും, ജനവഞ്ചനയുടെയും പുതുചരിത്രം രചിച്ചിരിക്കുകയാണ് പിണറായി സർക്കാറെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ഏറ്റവും ദയനീയമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരിൽ നിന്ന് പിടിച്ചു പറിക്കാൻ ഏത് കള്ളനും രണ്ടു തവണ ആലോചിക്കും. അവരുടെ പങ്കിൽ പകുതിയും കൈക്കലാക്കുകയും, അവർക്ക് നീതി നിഷേധിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന്‍റെ തീവട്ടി കൊള്ളയ്ക്കും വഞ്ചനയ്ക്കും എതിരെ നവംബർ 1ന് വഞ്ചനാദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - chennithala against pinarayi govt in facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.